സുൽത്താൻ ബത്തേരി : ആയുധങ്ങളുമായി വാടക വീട്ടിൽ സംഘടിച്ച ക്വട്ടേഷൻ സംഘത്തെ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് വടിവാൾ ഉൽപ്പെടെയുള്ള മാരകയുധങ്ങളും ലാപ്പ്‌ടോപ്പുകളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. സംഘത്തിലെ ഒരാൾ ഓടി രക്ഷപ്പെട്ടു.
ബത്തേരിക്കടുത്ത പഴുപ്പത്തൂർ ചപ്പക്കൊല്ലിയിലെ ഒരു വാടക വീട്ടിൽ വെച്ച് ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഘം
പൊലീസ് പിടിയിലായത്.
ആലുവ ചൂർണിക്കര കമ്പനിപ്പടി കോട്ടക്കകത്ത് ഔറംഗസീബ് (39), കമ്പളക്കാട് കണിയാമ്പറ്റ സ്വദേശി കുഴിഞ്ഞങ്ങാട് കളംപറമ്പിൽ ഫഹദ്(24), ബത്തേരി പുത്തൻകുന്ന് പാലപ്പെട്ടി സംജാദ്(27). ബത്തേരി കുപ്പാടി തണ്ടാശ്ശേരി അക്ഷയ് എന്ന കുഞ്ഞുട്ടൻ (21) എന്നിവരാണ് പിടിയിലായത്.
ഇതിൽ ഔറംഗസീബിനെതിരെ കൊലപാതകമടക്കം കർണാടകയിലും സംസ്ഥാനത്തിന്റെ വിവിധ സ്റ്റേഷനുകളിലുമായി ഏഴ് കേസുകളും ഫഹദിനെതിരെ സ്വർണ്ണ കവർച്ചയുമായി ബന്ധപ്പെട്ട് രണ്ട് കേസുകളും സംജാദിനെതിരെ ബത്തേരി പൊലീസിലും വനം വകുപ്പിലുമായി പതിനഞ്ച് കേസുകളും അക്ഷയ്‌ക്കെതിരെ ബത്തേരി സ്റ്റേഷനിൽ മൂന്ന് അടിപിടി കേസും നിലവിലുണ്ട്.
ബത്തേരി എസ്.ഐ അബ്ദുള്ളയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ക്വട്ടേഷൻ സംഘം പിടിയിലായത്. തോക്കടക്കം മാരകായുധങ്ങളുമായി ഒരു സംഘം ചപ്പക്കൊല്ലിയിലെ ഒരു വീട്ടിൽ തമ്പടിച്ചിട്ടുണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പഴുപ്പത്തൂർ ചപ്പക്കൊല്ലിയിലെ വാടക വീട്ടിൽ പരിശോധനക്കെത്തി. വീടിന്റെ ഗെയിറ്റിൽ വെച്ച് പോലീസിനെ തടയുകയും വാൾ വീശുകയും ചെയ്തു. ഇതോടെ അകത്ത് കയറിയ പൊലീസ് സാഹസികമായി സംഘത്തെ കീഴടക്കുകയായിരുന്നുവെന്ന് മാനന്തവാടി ഡിവൈ.എസ്.പി. എ.ബി.കുബരൻ പറഞ്ഞു. സംഘത്തിനെതിരെ ആയുധം കൈവശം വെച്ചതിനും പൊലീസിന്റെ കൃത്യനിർവ്വഹണം തടസപ്പെടുത്തിയതിനും പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചതിനുമാണ് കേസ്.
ഒരു മാസം മുമ്പാണ് ഈ വീട് ഒരാൾ വാടകക്കെടുത്തത്. രണ്ട് ദിവസം മുമ്പാണ് സംഘം ഇവിടെ എത്തിയത്. ഇവരെ ഇവിടെ എത്തിച്ച മലപ്പുറം സ്വദേശിക്കായും പൊലീസ് പിടിയിൽ നിന്ന് ഓടിരക്ഷപ്പെട്ട പ്രതിക്കായും പൊലീസ് വ്യാപകമായ തെരച്ചിൽ ആരംഭിച്ചു.
സംഘത്തെ എന്തിന് വേണ്ടിയാണ് ഇവിടെ കൊണ്ടുവന്ന് താമസിപ്പിച്ചതെന്നതിനെപ്പറ്റി പൊലീസ് ചോദ്യം ചെയ്തു വരികയാണ്. കോടതിയിൽ ഹാജരാക്കിയ ഇവരെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങും.
ബത്തേരി എസ്.ഐ. സണ്ണി തോമസിന്റെ നേതൃത്വത്തിൽ എ.എസ്.ഐ. ബി.സുലൈമാൻ,സി.പി.ഒ മാരായ ബിനോയ്,സമീർ, ബിജു എന്നിവരാണ് സംഘത്തെ പിടികൂടിയത്.
ഫോട്ടോ
ബത്തേരിയിൽ പൊലീസ് പിടിയിലായ ക്വട്ടേഷൻ സംഘം