മൃതദേഹം കഷണങ്ങളാക്കി പലയിടത്ത് തള്ളി
കോഴിക്കോട്: സ്വത്ത് തട്ടിയെടുക്കാൻ, ഉറങ്ങിക്കിടന്ന അമ്മയെ സാരിയുപയോഗിച്ച് കെട്ടിത്തൂക്കിക്കൊന്നത് പുറത്തറിയാതിരിക്കാൻ വാടകക്കൊലയാളിയെ വകവരുത്തി മൃതദേഹം കഷണങ്ങളാക്കി പലയിടത്തായി തള്ളിയ മകൻ ആറ് വർഷങ്ങൾക്ക് ശേഷം അറസ്റ്റിലായി.
മുക്കം വെസ്റ്റ് മണാശേരിയിലെ 'സൗപർണിക'യിൽ താമസിച്ചിരുന്ന ബിർജു (53) ആണ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. 2014ലാണ് അമ്മ ജയവല്ലിയെ ബിർജു കൊലപ്പെടുത്തിയത്. അമ്മയെ കൊല്ലാൻ ബിർജുവിനെ സഹായിച്ച മലപ്പുറം വണ്ടൂർ പുതിയാത്ത് ഇസ്‌മയിലിനെ (48) 2017ലാണ് മദ്യം നൽകി മയക്കിയ ശേഷം കഴുത്തുഞെരിച്ച് കൊന്നത്. തുടർന്ന് കഷണങ്ങളാക്കി വിവിധയിടങ്ങളിൽ തള്ളിയ ഇസ്‌മയിലിന്റെ മൃതദേഹാവശിഷ്ടങ്ങൾ കോഴിക്കോട്ടെ മുക്കം, ചാലിയം എന്നിവിടങ്ങളിൽ നിന്ന് കണ്ടെടുത്തിരുന്നു.
അമ്മയുടെ പേരിലുള്ള സ്ഥലവും വീടും 30 ലക്ഷം രൂപയ്‌ക്ക് വിറ്റശേഷം തമിഴ്നാട്ടിലെ നീലഗിരിയിലെ വനാതിർത്തിയിലുള്ള മാങ്ങവയിലേക്ക് മാറിയ ബിർജുവിനെ അവിടെ നിന്നാണ് പിടികൂടിയത്.
കൊല്ലപ്പെട്ടത് ഇസ്‌മയിലാണെന്ന് തിരിച്ചറിഞ്ഞതിന് പിന്നാലെ അയാളുമായി അടുപ്പമുള്ളവരിലേക്ക് അന്വേഷണം നീണ്ടു. തുടർന്നാണ് സംശയത്തിന്റെ മുന ബിർജുവിലേക്കും തിരിഞ്ഞത്. ഒരാളുടെ അമ്മയെ കൊന്ന വകയിൽ ഇസ്‌മയിലിന് പണം കിട്ടാനുണ്ടെന്ന ചങ്ങാതിയുടെ മൊഴിയാണ് തുമ്പായത്. അമ്മയുടെ കൊലപാതകം ആത്മഹത്യയാണെന്നു ബിർജു വരുത്തുകയായിരുന്നു. കൂട്ടാളിയുടെ കൊലയ്‌ക്ക് തുമ്പുണ്ടാകാതിരിക്കാനാണ് മൃതദേഹം കഷണങ്ങളാക്കിയത്. എന്നാൽ തലയോട്ടിയുൾപ്പെടെയുള്ള മൃതദേഹാവശിഷ്ടങ്ങൾ പലയിടങ്ങളിൽ നിന്ന് കണ്ടെത്തിയിരുന്നു. പിന്നാലെ ശാസ്‌ത്രീയ പരിശോധനകളിലൂടെ തെളിവുകൾ ശേഖരിച്ചുള്ള പൊലീസിന്റെ അതിസമർത്ഥമായ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. കാട്ടുമൃഗങ്ങളെ വേട്ടയാടി കഷണങ്ങളാക്കി പരിചയമുള്ള ബിർജു ആ വൈദഗ്ദ്ധ്യം ഇസ്മയിലിന്റെ മൃതദേഹത്തിലും പ്രയോഗിക്കുകയായിരുന്നു. ജയവല്ലിയുടെ കൊലപാതകം പുറത്തറിഞ്ഞാലോ എന്ന സംശയത്താലാണ് ഇസ്‌മയിലിനെ കൊന്നതെന്ന് ബിർജു പറഞ്ഞതായി ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി എം. ബിനോയ് അറിയിച്ചു.
അന്വേഷണം
2017 ജൂൺ 28: കൈതവളപ്പ് തീരത്ത് നിന്ന് ഒരു കൈയുടെ ഭാഗം കിട്ടി
2017ജൂലായ് 1: ചാലിയം കടലോരത്തു നിന്ന് രണ്ടാമത്തെ കൈ കിട്ടി
2017ജൂലായ് 6: അഗസ്ത്യമുഴിയിലെ റോഡരികിൽ ഉടൽ കണ്ടെത്തി.
മുക്കത്ത് കോഴി വേസ്റ്റ് ഇടുന്നതിൽ പ്രതിഷേധിച്ച് ഫേസ്ബുക്ക് കൂട്ടായ്‌മക്കാർ മാലിന്യം നീക്കുമ്പോൾ ശരീരത്തിന്റെ ചില ഭാഗങ്ങൾ കണ്ടെടുത്തു.
2017 ആഗസ്റ്റ് 13: ചാലിയം കടലോരത്ത് ബേപ്പൂർ പൊലീസിന് തലയോട്ടി കിട്ടി
ഇതെല്ലാം ഒരാളുടേതാണെന്ന് ഡി.എൻ.എ പരിശോധനയിൽ വ്യക്തമായി.
2019 നവംബർ : തലയോട്ടി ഉപയോഗിച്ച് രേഖാചിത്രം തയ്യാറാക്കി.
വഴിത്തിരിവ്
ഇസ്‌മയിലിനെതിരെ കൊണ്ടോട്ടി, കരുവാരക്കുണ്ട് സ്റ്റേഷനുകളിൽ കേസുകളുണ്ടായിരുന്നു.
1991ൽ മലപ്പുറം പൊലീസ് പിടികൂടിയപ്പോൾ ശേഖരിച്ച വിരലടയാളവും മൃതദേഹത്തിന്റെ വിരലടയാളവും ഒന്നാണെന്ന് കണ്ടത് വഴിത്തിരിവായി. തിരുവനന്തപുരം ഫിംഗർ പ്രിന്റ് ബ്യൂറോയിലെ ശാസ്ത്രീയ പരിശോധനയിലാണ് കൊല്ലപ്പെട്ടത് ഇസ്‌മയിലാണെന്ന് തിരിച്ചറിഞ്ഞത്.