കോഴിക്കോട്: പരേതനായ മണാശ്ശേരി വാസുവിന്റെയും ജയവല്ലിയുടെയും ഏകമകനാണ്‌ ബിർജു. കുടുംബസ്വത്തിലെ വിഹിതമായി അഞ്ചേക്കറോളം സ്ഥലം കിട്ടിയ ഇയാൾ ചുരുങ്ങിയ കാലംകൊണ്ട് അതു മുഴുവൻ വിറ്റ് ധൂർത്തടിച്ചു. പിന്നെ പണത്തിനായി അമ്മയെ നിരന്തരം ശല്യം ചെയ്തു. ഇനിയും പണം കിട്ടില്ലെന്ന് ഉറപ്പായതോടെ അമ്മയെ വകവരുത്താനായി തീരുമാനം. ഇസ്മയിലിന്റെ സഹായത്തോടെ രണ്ടു തവണ ശ്രമിച്ചത് പാളി. മൂന്നാംതവണ പദ്ധതി നടപ്പാക്കുകയായിരുന്നു.

ഭാര്യയും മക്കളുമായി ബിർജു അമ്മ ജയവല്ലിക്കൊപ്പമായിരുന്നു താമസം. പണം പലിശയ്ക്ക് കൊടുക്കുന്ന ഏർപ്പാടുണ്ടായിരുന്ന ജയവല്ലിയുടെ എജന്റായി നിന്നിരുന്നത് ഇസ്മയിലാണ്. ബിർജുവിന്റെ നിർബന്ധത്തിന് വഴങ്ങി പലപ്പോഴും അമ്മയിൽ നിന്ന് പണം വാങ്ങി ഇസ്മയിൽ കൊടുത്തിരുന്നു. പണം കിട്ടാതായതോടെ ഭാര്യയെയും മക്കളെയും ഭാര്യവീട്ടിൽ പറഞ്ഞുവിട്ട ശേഷമാണ് ഇസ്മയിലുമൊത്ത് രണ്ടു തവണ കൊലപാതകത്തിന് ശ്രമിച്ചത്. അത് വിഫലമായി. പിന്നീട് ഒരു നാൾ വൈകിട്ട് വീട്ടിലെത്തിയപ്പോൾ ഉറങ്ങിക്കിടക്കുകയായിരുന്ന ജയവല്ലിയെ ഇസ്മയിലിന്റെ സഹായത്തോടെ കട്ടിലിന്റെ അഴിയോടു ചേർത്ത് കഴുത്തിൽ കയർ കെട്ടിവരിഞ്ഞ് കൊലപ്പെടുത്തി. തുട‌ർന്ന് സാരി കൊണ്ടു കഴുത്തിൽ കുരുക്കിട്ടശേഷം ഫാനിൽ കെട്ടിത്തൂക്കുകയായിരുന്നു. മരണത്തിൽ സംശയം പ്രകടിപ്പിക്കാൻ ആരുമുണ്ടായില്ലെന്നിരിക്കെ, മറ്റു അസ്വാഭാവികതയൊന്നും തോന്നാത്ത സാഹചര്യത്തിൽ ആത്മഹത്യയെന്ന് പൊലീസ് ഉറപ്പിച്ചു.

വീടും സ്ഥലവും രേഖപ്രകാരം സ്വന്തമാക്കിയ ബിർജു ഇത് വില്ക്കാൻ 10 ലക്ഷം രൂപ അഡ്വാൻസ് കൈപ്പറ്റിയതറിഞ്ഞതോടെ ഇസ്മയിൽ പിറകെക്കൂടി. നേരത്തെ തനിക്ക് വാഗ്ദാനം ചെയ്ത രണ്ട് ലക്ഷം രൂപ ഉടൻ കിട്ടണമെന്നായി. പണം കൊടുക്കാതെ ഒഴിഞ്ഞുമാറിയ പ്രതി ഇയാൾ ഭീഷണിയാവുമെന്ന് കണ്ട് വക വരുത്തുകയായിരുന്നുവെന്ന് ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി പറഞ്ഞു. ഇസ്മയിലിനെ ഒരു ദിവസം സൂത്രത്തിൽ വീട്ടിലെത്തിച്ച് മദ്യം കൊടുത്ത് മയക്കിക്കിടത്തിയ ശേഷം കഴുത്ത് കയറുകൊണ്ട് ‌വരിഞ്ഞു മുറുക്കിയായിരുന്നു കൊല. പിന്നീട് സർജിക്കൽ ബ്ലേഡും പ്ലാസ്റ്റിക് ചരടും വാങ്ങിയെത്തി ജഡം മുറിച്ച് കഷ്ണങ്ങളാക്കി. ഇവ പ്ലാസ്റ്റിക് ചാക്കുകളിലാക്കി മുക്കം, ചാലിയം ഭാഗങ്ങളിൽ പലയിടത്തായി തള്ളുകയായിരുന്നു.