കോഴിക്കോട്: മനുഷ്യ ശരീരാവശിഷ്ടങ്ങൾ പലപ്പോഴായി പലയിടത്ത് കണ്ടെടുത്തപ്പോൾ മൂന്നു പൊലീസ് സ്റ്റേഷനുകളിലായി മൂന്നു കേസുകളായിരുന്നു തുടക്കത്തിൽ. ഈ ജഡാവശിഷ്ടങ്ങൾ ഒരാളുടേതു തന്നെയെന്ന് ഡി.എൻ.എ പരിശോധനയിൽ തെളിഞ്ഞതോടെ ഒറ്റക്കേസായി മാറി. മുക്കം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആറു മാസം പിന്നിട്ടപ്പോഴും അന്വേഷണം എങ്ങുമെത്തിയില്ല. കേസ് പിന്നീട് ഏറ്റെടുത്ത ക്രൈം ബ്രാഞ്ച് ശാസ്ത്രീയ പരിശോധനകൾ ഒന്നൊന്നായി കടന്നപ്പോഴേക്കും കൊലപാതകം ഒന്നല്ല, രണ്ടെന്ന് കണ്ടെത്തുകയായിരുന്നു. അമ്മയെയും കൂട്ടാളിയെയും കൊലപ്പെടുത്തിയ പ്രതി പിടിയിലുമായി.
ജഡാവശിഷ്ടങ്ങൾ ആദ്യം കണ്ടെത്തിയത് 2017 ജൂൺ 28 ന് മുക്കത്ത് മാലിന്യക്കൂമ്പാരം നീക്കുന്നതിനിടെയാണ്. ചാലിയം കടലോരത്തുനിന്ന് ഇടതുകൈയുടെ ഭാഗം കണ്ടെടുത്തതിനു പിറകെ മൂന്നു ദിവസത്തിനുശേഷം അതേ പരിസരത്തുനിന്നു വലതു കൈയും കണ്ടെത്തി. ജൂലായ് ആറിന് തിരുവമ്പാടി എസ്‌റ്റേറ്റ് റോഡിന്റെ ഓരത്തുനിന്ന് അരയ്ക്ക് മേൽപോട്ടുള്ള ഭാഗവും കണ്ടെടുത്തു. പഞ്ചസാര നിറച്ച ചാക്കിൽ തിരുകിയ നിലയിലായിരുന്നു ഇത്. ആഗസ്റ്റ് 13 നാണ് ചാലിയത്തുനിന്ന് തലയോട്ടി കണ്ടെടുത്തത്. അങ്ങനെയാണ് മുക്കം, ബേപ്പൂർ, തിരുവമ്പാടി സ്റ്റേഷനുകളിൽ മൂന്നു കേസുകളായത്.
സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് കീറിമുറിച്ചുതള്ളിയ മൃതദേഹ ഭാഗങ്ങൾ ഒരാളുടേതാണെന്ന് സെപ്തംബറിൽ വ്യക്തമായെങ്കിലും ഇത് വണ്ടൂരുകാരൻ ഇസ്മായിലിന്റേതാണെന്ന് തിരിച്ചറിയുന്നത് ക്രൈംബ്രാഞ്ച് അന്വേഷണത്തിലാണ്. ആദ്യഘട്ടത്തിൽ സംസ്ഥാനത്ത് കാണാതായവരുടെ മുഴുവൻ ഡാറ്റ ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ച് സംശയമുള്ളവരുടെ ഡി.എൻ.എ പ്രൊഫൈലിംഗ് നടത്തി. തലയോട്ടിയിലെ പല്ലിൽ പുകയിലക്കറ കണ്ട് അന്യസംസ്ഥാന തൊഴിലാളികളുടേതടക്കം ആയിരക്കണക്കിന് ഡി.എൻ.എ പ്രൊഫൈലിംഗ് നടത്തേണ്ടിവന്നു. പിന്നീട് തലയോട്ടിയുടെ അടിസ്ഥാനത്തിൽ മുഖത്തിന്റെ രേഖാചിത്രം തയ്യാറാക്കി മാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടു. രണ്ടു വർഷത്തോളം അന്വേഷണസംഘം ഫേഷ്യൽ റികൺസ്ട്രക്‌ഷൻ എന്ന ഫോറൻസിക് സയൻസ് ടൂൾ ഉപയോഗിച്ചുള്ള പരിശോധന തുടർന്നു. കൈരേഖയുടെ ഫോട്ടോ പരിശോധിക്കാനും തുടങ്ങി. തിരുവനന്തപുരം ഫിംഗർ പ്രിന്റ് ബ്യൂറോയിലെ ശാസ്ത്രീയ പരിശോധനയിലൂടെ അങ്ങനെ കൊല്ലപ്പെട്ടയാളെ കുറിച്ചുള്ള പ്രാഥമിക വിവരങ്ങൾ ലഭിക്കുകയായിരുന്നു. 1991ൽ മലപ്പുറം പൊലീസ് ഇസ്മയിലിനെ ഒരു ക്രിമിനൽ കേസിൽ പിടികൂടിയപ്പോൾ എടുത്ത വിരലടയാളവും ഇസ്മയിലിന്റെ തുണ്ടമാക്കപ്പെട്ട ജഡത്തിന്റെ കൈയിലെ വിരലടയാളവും ഒത്തുവന്നതോടെയാണിത്.
ഇതോടെ ഇസ്മയിലിന്റെ അടുത്ത സൃഹൃത്തുക്കളിലേക്കായി അന്വേഷണം. അമ്മയെ കൊന്ന മകനിൽ നിന്ന് ക്വട്ടേഷൻ പണം കിട്ടാനുണ്ടെന്ന വിവരം അറിയുന്നത് ഈ മൊഴിയെടുപ്പിനിടെയാണ്. തുടർന്ന് അസ്വാഭാവികമായി മരിച്ച പ്രായമായ സ്ത്രീകളുടെ വിവരം ശേഖരിക്കുന്ന യജ്ഞമായി. ഇസ്മയിൽ ബിർജുവിന്റെ വീട്ടിലെ സ്ഥിരക്കാരനായിരുന്നുവെന്ന് കണ്ടെത്തിയതോടെ 70 കാരി ജയവല്ലിയുടെ ആത്മഹത്യയിൽ സംശയമുയർന്നു. വീട്ടിലെ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു ജയവല്ലിയുടെ മൃതദേഹം. വീടും ഭൂമിയും വിറ്റ് ഏകമകൻ ബിർജു സ്ഥലംവിട്ടത് തമിഴ്നാട്ടിലെ നീലഗിരിയിലേക്കാണെന്ന് വ്യക്തമായതോടെ എല്ലാം വേഗത്തിലായി. ബിർജുവിനെ പിടികൂടി വിശദമായി ചോദ്യം ചെയ്തതോടെ ഇരട്ടക്കൊലയുടെ ചുരുളഴിയുകയായിരുന്നു.