@ 13394 വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം നടത്തി

കോഴിക്കോട്: ലൈഫ് പദ്ധതിയുടെ മാനദണ്ഡ പ്രകാരം ഗുണഭോക്തൃ പട്ടികയിൽ നിന്ന് പുറത്തായവരുൾപ്പടെ എല്ലാ ഭവന രഹിതർക്കും വീട് നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ പറഞ്ഞു.

ഏതൊരു പദ്ധതിക്കും മാനദണ്ഡങ്ങൾ നിശ്ചയിക്കേണ്ടി വരും. എന്നാൽ പലകാരണങ്ങളാൽ മാനദണ്ഡം പൂർത്തീകരിക്കാൻ കഴിയാത്തവരിലും അർഹതപ്പെട്ടവർ ഉണ്ടാകും. അങ്ങനെ എല്ലാവർക്കും പാർപ്പിടം യാഥാർഥ്യമാക്കുകയെന്നതാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ലൈഫ് മിഷൻ മുഖേന വീട് ലഭിച്ച ഗുണഭോക്താക്കളുടെ ജില്ലാ സംഗമം കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയിൽ ലൈഫിന്റെ രണ്ട് ഘട്ടങ്ങളിലായി നിർമാണം പൂർത്തീകരിച്ച 13394 ഭവനങ്ങളുടെ പ്രഖ്യാപനവും മന്ത്രി നിർവ്വഹിച്ചു.

സംസ്ഥാനതലത്തിൽ ജനുവരി അവസാനത്തോടെ രണ്ട് ലക്ഷം വീടുകളുടെ നിർമ്മാണമാണ് പൂർത്തിയാകുക. ഇതിന്റെ പ്രഖ്യാപനം റിപ്പബ്ലിക് ദിനത്തിൽ മുഖ്യമന്ത്രി നിർവ്വഹിക്കും.ഒന്നാംഘട്ടത്തിൽ മുടങ്ങിക്കിടന്ന വീടുകളുടെ പൂർത്തീകരണവും രണ്ടാംഘട്ടത്തിൽ ഭൂമിയുള്ളവരുടെ ഭവന നിർമ്മാണവുമാണ് നടന്നത്. സ്ഥലവും വീടും ഇല്ലാത്തവർക്കുള്ള പാർപ്പിട സമുച്ചയങ്ങളാണ് മൂന്നാംഘട്ട പദ്ധതി. ഇതിനായി 14 ജില്ലകളിലായി 56 ഫളാറ്റ് സമുച്ചയങ്ങളാണ് ലക്ഷ്യമിട്ടത്. 10 ജില്ലകളിലെ ഫ്ളാറ്റ് സമുച്ചയങ്ങൾക്ക് ടെൻഡറായെന്നും മന്ത്രി വിശദീകരിച്ചു.

സംയുക്ത സംരംഭമായും ഭവന പദ്ധതികൾ വരുന്നുണ്ട്. പ്രളയത്തിൽ വീട് നഷ്ടപ്പെട്ട 4000 പേർക്ക് സഹകരണ പ്രസ്ഥാനങ്ങൾ പാർപ്പിടങ്ങളൊരുക്കുന്നുണ്ട്.

ലൈഫ് പദ്ധതി പ്രകാരം വീടു ലഭിച്ചവരുടെ സന്തോഷത്തിൽ പങ്കുചേരുന്നതിനും മികച്ച പ്രവർത്തനം നടത്തിയ തദ്ദേശസ്ഥാപനങ്ങളെ ആദരിക്കുന്നതിനുമാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ചങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ എ. പ്രദീപ്കുമാർ, ഇ.കെ വിജയൻ, വി.കെ.സി മമ്മദ് കോയ, ജില്ലാ കളക്ടർ സാംബശിവ റാവു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, കോർപറേഷൻ സ്ഥിരംസമിതി അംഗങ്ങളായ ബാബുരാജ്, രാധാകൃഷ്ണൻ, വടകര നഗരസഭാ ചെയർമാൻ കെ. ശ്രീധരൻ, ബ്ലോക്ക് പഞ്ചായത്ത് അസോസിയോഷൻ ജില്ലാ പ്രസിഡന്റ് സി.എച്ച് ബാലകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി അന്നമ്മ ജോർജ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.വി ബാലൻ, സി. സത്യചന്ദ്രൻ, പി.വി നവീന്ദ്രൻ, പി.എ.യു പ്രോജക്ട് ഡയറക്ടർ നിബു ടി. കുര്യൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി. ബാബു തുടങ്ങിയവർ സംസാരിച്ചു.