@ പ്രതിഷേധിക്കുന്നവർക്കെതിരെ കേസ്
കോഴിക്കോട്: പൗരത്വ നിയമത്തിനെതിരെ പ്രതികരിക്കുന്നവർക്കെതിരെ വ്യാപകമായി കേസെടുക്കുന്ന പൊലീസ് നിലപാടിൽ ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്നും മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പ് അപകടകരമാണെന്നും മുസ്ലിംലീഗ് സംസ്ഥാന ഭാരവാഹികളുടെ യോഗം പറഞ്ഞു. പ്രതിഷേധത്തിന്റെ പേരിൽ മിക്ക ജില്ലകളിലും കേസെടുത്തു കൊണ്ടിരിക്കുകയാണ്. പലയിടത്തും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുക്കുന്നത്. പൊതുമുതൽ നശിപ്പിക്കാതെയും സമാധാനത്തോടെയുമാണ് കേരളത്തിൽ സമരങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായി സമരമുഖത്തുള്ള കേരളത്തിന്റെ പ്രതിഷേധങ്ങളെ നിർവീര്യമാക്കാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നത്. ഒരു ഭാഗത്ത് കേരളം സുരക്ഷിത കോട്ടയാണെന്ന് മൈതാന പ്രസംഗം നടത്തുകയും മറുഭാഗത്ത് അന്യായമായി കേസെടുക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് അപകടരമാണ്.
എൻ.പി.ആർ നടപടികൾ കേരളത്തിൽ നിറുത്തിവയ്ക്കുന്നതായി പ്രഖ്യാപിച്ചിട്ടും ഇതുമായി ബന്ധപ്പെട്ട് താമരശ്ശേരി തഹസിൽദാറുടേതായി പുറത്തിറങ്ങിയ സർക്കുലർ സർക്കാരിന്റെ പിടിപ്പുകേടാണ് വ്യക്തമാക്കുന്നതെന്ന് യോഗം അഭിപ്രായപ്പെട്ടു. ലീഗ് ഹൗസിൽ ചേർന്ന യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ എം.സി മായിൻ ഹാജി, വി.കെ അബ്ദുൽഖാദർ മൗലവി, സി. മൊയീൻകുട്ടി, കെ. കുട്ടി അഹമ്മദ് കുട്ടി, ടി.പി.എം സാഹിർ, സി.എ.എം.എ കരീം, അഡ്വ. പി.എം.എ സലാം, അബ്ദുറഹ്മാൻ കല്ലായി, കെ.എസ് ഹംസ, ടി.എം സലീം, കെ.എം ഷാജി എം.എൽ.എ, അബ്ദുറഹിമാൻ രണ്ടത്താണി, ബീമാപ്പള്ളി റഷീദ്, പി.എം സാദിഖലി എന്നിവർ സംസാരിച്ചു.