ജില്ലാ ആശുപത്രിയിൽ നവജാത ശിശു സംരക്ഷണ യൂണിറ്റ് തുടങ്ങി

മാനന്തവാടി: സംസ്ഥാനത്ത് ശിശുമരണ നിരക്ക് ഗണ്യമായി കുറയ്ക്കാൻ കഴിഞ്ഞത് ആരോഗ്യ മേഖലയുടെ നേട്ടമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. ജില്ലാ ആശുപത്രിയിൽ സ്‌പെഷ്യൽ ന്യൂ ബോൺ കെയർ യൂണിറ്റ്, വിശ്രമ മന്ദിരം, കാത്ത്ലാബിന്റെ നിർമ്മാണം എന്നിവ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

വയനാട്ടിലെ ശിശുമരണ നിരക്ക് 12ൽ നിന്നും ഏഴായി കുറയ്ക്കാൻ സാധിച്ചു. മെഡിക്കൽ കോളേജിൽ ലഭ്യമാവുന്ന അതേ ചികിത്സാ സൗകര്യങ്ങളാണ് പുതിയ സ്‌പെഷ്യൽ ന്യൂ ബോൺ കെയർ യൂണിറ്റിൽ ഒരുക്കിയിരിക്കുന്നത്. വെന്റിലേറ്റർ ഒഴികെയുള്ള എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്.

കുട്ടികൾക്കുണ്ടാകുന്ന സ്റ്റെപിഫിമിയ, മഞ്ഞപ്പിത്തം എന്നിവയ്ക്ക് ഇവിടെ നിന്ന് വിദഗ്ധ ചികിൽസ നൽകാനാവും. പ്രായം തികയാതെ ഉണ്ടാവുന്ന കുട്ടികൾക്കുളള തീവ്രപരിചരണം സിപാപ് മെഷീനിന്റെ സഹായത്തോടെ ലഭ്യമാകും.

മാസത്തിൽ 250 ലേറെ കുട്ടികൾ ജില്ലാ ആശുപത്രിയിൽ ജനിക്കാറുണ്ട്. പ്രത്യേക ചികിത്സാ പരിചരണത്തിനായി മെഡിക്കൽ കോളേജിലേക്ക് അയയ്ക്കുകയാണ് പതിവ്. ഇനി മുതൽ എല്ലാ സൗകര്യങ്ങളും ജില്ലാ ആസ്പത്രിയിൽത്തന്നെ ലഭ്യമാവും. കൂട്ടിരിപ്പുകാർക്കുള്ള വിശ്രമകേന്ദ്രവും ജില്ലാ ആസ്പത്രിക്ക് മുതൽകൂട്ടാണ്. രോഗികളുടെ കൂട്ടിരിപ്പുകാർക്ക് രാത്രികാലങ്ങളിൽ ആശുപത്രിയിൽ നിൽക്കാൻ സാധിക്കില്ല. അതിനുള്ള സൗകര്യങ്ങൾ ഇനി ലഭിക്കും. കാത്ത് ലാബ് പൂർത്തിയാകുന്നതോടെ മെച്ചപ്പെട്ട ചികിത്സ ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.
കെ.കെ.രാകേഷ് എം.പി.യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ ചെലവഴിച്ച് വിശ്രമ മന്ദിരവും ആർദ്രം പദ്ധതിയിൽ 20 ലക്ഷം രൂപ വകയിരുത്തിയുമാണ് സ്‌പെഷ്യൽ ന്യൂ ബോൺ കെയർ യൂണിറ്റ് നിർമ്മിച്ചത്. 8 കോടി രൂപ ഉപയോഗിച്ചാണ് കാത്ത്ലാബ് നിർമ്മിക്കുന്നത്. ആറ് മാസത്തിനകം നിർമ്മാണം പൂർത്തീകരിക്കും. ഒ.ആർ കേളു എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ, മാനന്തവാടി മുൻസിപ്പൽ ചെയർമാൻ വി.ആർ.പ്രവീജ് ,ഡി.എം.ഒ. ആർ. രേണുക, ഡി.പി.എം. ഡോ. ബി.അഭിലാഷ് , ജില്ലാ ആശുപത്രി സൂപ്രണ്ട് കെ.എം നൂന മർജ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ബാബു , കൺസൾട്ടന്റ് പീഡിയാട്രിക്സ് ഡോ.പി ചന്ദ്രശേഖരൻ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ മോട്ടോറൈസ്ഡ് വീൽ ചെയർ മന്ത്രി ഷിബിന ബേഗൂരിനു നൽകി.


(ചിത്രം)

ഭിന്നശേഷി സഹായ ഉപകരണങ്ങൾ നൽകി
കൽപ്പറ്റ: ഭിന്നശേഷിക്കാർക്കായുള്ള നൂതന പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കുമെന്ന് സാമൂഹിക നീതി, വനിതാ ശിശു വികസന വകുപ്പ് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. എസ്.കെ.എം.ജെ ജൂബിലി ഹാളിൽ ഭിന്നശേഷി സഹായ ഉപകരണ വിതരണവും ബോധവൽക്കരണ ക്യാമ്പും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ഭിന്നശേഷിക്കാർക്കായി വിവിധ നൂതന പദ്ധതികൾ സർക്കാർ ഒരുക്കിയിട്ടുണ്ട്. കാഴ്ച്ച വെല്ലുവിളികൾ നേരിടുന്നവർക്ക് ആയിരം സ്മാർട്ട് ഫോണുകളാണ് കാഴ്ച്ച പദ്ധതിയിലൂടെ സംസ്ഥാനത്ത് വിതരണം ചെയ്തത്. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പതിനെട്ട് വയസ്സു വരെ കുട്ടികളുടെ പേരിൽ ഇരുപതിനായിരം രൂപ പ്രതിവർഷം നിക്ഷേപിക്കുന്ന ഹസ്തദാനം പദ്ധതി, ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വീൽചെയറുകൾ വിതരണം ചെയ്യുന്ന ശുഭയാത്ര പദ്ധതി എന്നിവയും ഉദാഹരണങ്ങളാണ്. സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ നേതൃത്വത്തിലും ഭിന്നശേഷിക്കാർക്കായി വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ട്.
കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷനും, സാമൂഹ്യനീതി വകുപ്പും സംയുക്തമായി കൽപ്പറ്റ നിയോജക മണ്ഡലത്തിൽ കിലയുടെ സഹായത്തോടെ നടപ്പിലാക്കി വരുന്ന പച്ചപ്പ് പദ്ധതിയുടെ ഭാഗമായാണ് ഭിന്നശേഷി സഹായ ഉപകരണ വിതരണ ക്യാമ്പും ബോധവൽക്കരണവും നടത്തിയത്. ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ കണ്ടെത്തിയ ഭിന്നശേഷിക്കാരായ 65 പേർക്കുള്ള വിവിധ ഉപകരണങ്ങൾ മന്ത്രി വിതരണം ചെയ്തു. സി.കെ ശശീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കൽപ്പറ്റ നഗരസഭ ചെയർപേഴ്സൺ സനിത ജഗദീഷ്, കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ കെ. മൊയ്തീൻകുട്ടി, സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ ചെയർമാൻ പരശുവയ്ക്കൽ മോഹനൻ, ജില്ലാ മെഡിക്കൽ ഓഫീസർ ആർ.രേണുക, ജില്ലാ വനിതാ ശിശു വികസന ഓഫീസർ കെ.എച്ച് ലെജിന,പച്ചപ്പ് കോ ഓർഡിനേറ്റർ കെ. ശിവദാസൻ തുടങ്ങിയവർ സംസാരിച്ചു. ഭിന്നശേഷി സൗഹൃദ കേരളം സാമൂഹ്യസുരക്ഷാ പദ്ധതികൾ എന്ന വിഷയത്തിൽ കെ.എസ്.എസ്.എം സ്റ്റേറ്റ് പ്രോജക്ട് കോ ഓർഡിനേറ്റർ എം.പി മുജീബ് റഹ്മാൻ ക്ലാസെടുത്തു.

(ചിത്രം)