കൽപ്പറ്റ: 'നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്തം' എന്ന മുദ്രാവാക്യത്തോടെ ഒരു വർഷം നീണ്ട് നിൽക്കുന്ന ആർദ്രം ജനകീയ കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനവും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ആർദ്ര വിദ്യാലയം പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി കെ.കെ ശൈലജ നിർവ്വഹിച്ചു. സ്റ്റുഡന്റ് ഡോക്ടർ കേഡറ്റ് പദ്ധതിയുടെ മൂന്നാം ബാച്ചിന്റെ പാസിങ് ഔട്ടും ചടങ്ങിൽ നടന്നു. ആരോഗ്യകരമായ ജീവിതശൈലി രൂപീകരിക്കുന്നതിനുള്ള സന്ദേശങ്ങൾ ജനങ്ങളിൽ എത്തിക്കാനും അതിനനുസൃതമായി തങ്ങളുടെ ജീവിതശൈലി മാറ്റിയെടുക്കാനും ഉദ്ദേശിച്ച് നടപ്പാക്കുന്നതാണ് ആർദ്രം ജനകീയ കാമ്പയിൻ. ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ, വിവിധ വ്യായാമമുറകൾ, പുകയില ഉത്പ്പന്നങ്ങൾ, മദ്യം, മയക്ക് മരുന്ന് എന്നിവയിൽ നിന്നുള്ള വിമുക്തി, ശുചിത്വശീലങ്ങളും മാലിന്യ നിർമ്മാർജനവും എന്നിവയാണ് ആർദ്രം ജനകീയ കാമ്പയിന്റെ ലക്ഷ്യങ്ങൾ. സുരക്ഷിത വയനാട് യജ്ഞത്തിന്റെ ഭാഗമായി സ്‌കൂൾ വിദ്യാർത്ഥികൾക്ക് പ്രഥമ ശ്രുശ്രൂഷയിൽ പരിശീലനം നൽകുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്നതാണ് ആർദ്ര വിദ്യാലയം പദ്ധതി. പദ്ധതിയുടെ ഭാഗമായി എല്ലാ വിദ്യാലയങ്ങളിലും ഹെൽത്ത് കോർണർ സ്ഥാപിച്ച് അടിയന്തരഘട്ടങ്ങളിൽ പ്രഥമ ശുശ്രൂഷയും ആരോഗ്യ ബോധവും സൃഷ്ടിക്കുകയും പദ്ധതിയുടെ ലക്ഷ്യമാണ്. എല്ലാ സ്‌കൂളുകളിലും ആർദ്രം കോർണർ സ്ഥാപിക്കും. ഒരു ഡോക്ടർക്ക് സ്‌കൂളിന്റെ ചുമതല നൽകി ചങ്ങാതി ഡോക്ടറാക്കും. എട്ടാം ക്ലാസ്സ് മുതൽ പ്ലസ് ടു വരെ ജില്ലയിൽ പഠിക്കുന്ന 80,000 വിദ്യാർത്ഥികൾക്ക് ഏകദിന ബേസിക് ലൈഫ് സപ്പോർട്ട് പരിശീലനം നൽകും. ഒന്നര മാസത്തിനകം പരിശീലനം പൂർത്തിയാക്കും. രണ്ടാം ഘട്ടത്തിലാണ് സ്‌കൂളുകളിൽ ആർദ്രം കോർണർ സജ്ജമാക്കുക. ഫസ്റ്റ് എയ്ഡ് ബോക്സ്, സ്ട്രക്ച്ചറാക്കി ഉപയോഗിക്കാൻ കഴിയുന്ന പ്രത്യേക ടേബിൾ, കൂളർ എന്നിവ ആർദ്രം കോർണറിലുണ്ടാകും.

പാമ്പുകടി, തലകറക്കം, പട്ടികടി, മുറിവ് മറ്റ് അപകടങ്ങൾ തുടങ്ങിയവ ഉണ്ടായാൽ എന്ത് ചെയ്യണമെന്ന് ഇതിലൂടെ മനസ്സിലാക്കാം. പരിശീലനം നേടിയ ഹെൽത്ത് ടീച്ചർമാർക്കായിരിക്കും ആർദ്രം കോർണറിന്റെ ചുമതല. സ്‌കൂളിന്റെ തൊട്ടടുത്തുള്ള ഒരു ഡോക്ടറെ ചങ്ങാതി ഡോക്ടറാക്കി ഇതിന്റെ ചുമതല നൽകും. മാസത്തിൽ ഒരിക്കലെങ്കിലും ഈ ഡോക്ടർ ഹെൽത്ത് കോർണർ സന്ദർശിച്ച് മരുന്നുകൾ ഉൾപ്പെടെയുള്ളവ വിലയിരുത്തും.

സ്റ്റുഡന്റ് ഡോക്ടർ കേഡറ്റ് പദ്ധതിയിൽ 1032 വിദ്യാർത്ഥികൾ പരിശീലനം പൂർത്തിയാക്കി. മൂന്നാം ഘട്ടത്തിൽ പരിശീലനം പൂർത്തിയാക്കിയ 333 വിദ്യാർത്ഥികളുടെ പാസിങ് ഔട്ടാണ് നടന്നത്.

കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സി.കെ.ശശീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഒ.ആർ കേളു എം.എൽ.എ ഹെൽത്ത് റിപ്പോർട്ട് പ്രകാശനം ചെയ്തു. ജില്ലാ കളക്ടർ അദീല അബ്ദുള്ള ആർദ്ര വിദ്യാലയം പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. കുട്ടി ഡോക്ടർമാരുടെ കൈയ്യെഴുത്ത് മാസിക കൽപ്പറ്റ നഗരസഭാ ചെയർപേഴ്സൺ സനിത ജഗദീഷ് പ്രകാശനം ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ ആർ.രേണുക, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ തമ്പി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പ്രഭാകരൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.ദേവകി, നാഷണൽ ഹെൽത്ത് മിഷൻ കോർഡിനേറ്റർ ഡോ.ബി.അഭിലാഷ് എന്നിവർ സംസാരിച്ചു.

(ചിത്രം)