പൊഴുതന: ആർദ്രം മിഷന്റെ ഭാഗമായി പൊഴുതന പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തുന്നതിന്റെ ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ നിർവ്വഹിച്ചു. ജില്ലയിലെ മുഴുവൻ പ്രാഥമിക ആസ്പത്രികളും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്ന നടപടികൾ അവസാന ഘട്ടത്തിലാണെന്ന് മന്ത്രി പറഞ്ഞു. ക്ഷയം,കുഷ്ഠം എന്നീ രോഗങ്ങളെ നിർമ്മാർജ്ജനം ചെയ്യുന്ന പ്രവർത്തികൾ ജില്ലയിൽ സജീവമായി നടക്കുകയാണെന്നും അവർ പറഞ്ഞു.
സി.കെ ശശീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.സി പ്രസാദ്, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാതമ്പി, ജില്ലാപഞ്ചായത്ത് അംഗം പി.എൻ വിമല, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ.രേണുക,ഡി.പി.എം ഡോ.ബി അഭിലാഷ്,മെഡിക്കൽ ഓഫീസർ ഡോ.പി.എസ് സുഷമ തുടങ്ങിയവർ സംസാരിച്ചു.
ഇതോടെ കേന്ദ്രത്തിൽ ദിവസവും രാവിലെ മുതൽ വൈകീട്ട് വരെ ഒ.പി സേവനം ലഭിക്കും. 3 ഡോക്ടർമാരും ലാബും അനുബന്ധ സൗകര്യങ്ങളും ഉണ്ടാകും. കഴിഞ്ഞ രണ്ട് പ്രളയങ്ങളിലും ഏറെ നാശനഷ്ടങ്ങൾ ഏറ്റുവാങ്ങിയ ആരോഗ്യ കേന്ദ്രമായിരുന്നു പൊഴുതനയിലേത്. പ്രധാനകെട്ടിടങ്ങൾ പകുതിയോളം വെളളത്തിൽ മുങ്ങുകയും ചുറ്റുമതിൽ തകർന്ന് പോവുകയും ചെയ്തിരുന്നു. വെളളം കയറിയതു മൂലം മരുന്നും ഉപകരണങ്ങളും ഫർണ്ണീച്ചറുകളും നശിച്ച് ഏറെകാലം ഓഫീസ് വരാന്തയിലാണ് ആസ്പത്രി പ്രവർത്തിച്ചിരുന്നത്. 40 ലക്ഷം രൂപയോളം ചെലവിട്ടാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. ജില്ലാ നിർമ്മിതി കേന്ദ്രയാണ് നിർമ്മാണം പൂർത്തിയാക്കിയത്.