മലപ്പുറം: നാട്ടുരാജാക്കന്മാർക്ക് മുകളിലുണ്ടായിരുന്നതു പോലെ നിയമസഭയുടെ മേൽ റസിഡന്റുമാർ ഇല്ലെന്ന് ഓർക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിയമസഭ പ്രമേയം പാസാക്കാൻ പാടുണ്ടോയെന്ന് ചോദിക്കുന്നവർക്ക് ഭരണഘടന ഒരാവർത്തി വായിച്ചാൽ അക്കാര്യം മനസിലാവും. ഇതു ജനാധിപത്യ രാജ്യമാണെന്നത് ശരിയായ രീതിയിൽ ഉൾക്കൊള്ളാൻ പറ്റണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സി.പി.എം ജില്ലാകമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള നിയമസഭയുടെ പ്രമേയത്തെ വിമർശിച്ച ഗവർണർക്കുള്ള മറുപടി കൂടിയാണിത്.
കേരളത്തിൽ പൗരത്വഭേദഗതി നിയമം നടപ്പാക്കില്ലെന്ന് പറഞ്ഞപ്പോൾ പ്രതികരിച്ചവർ ഭരണഘടന മനസിലാക്കണം. ഏതു നിയമവും ഭരണഘടനയ്ക്ക് അനുസൃതമായേ നടപ്പാക്കാനാവൂ. ആർ.എസ്.എസിന്റെ മനസിലിരിപ്പ് നടപ്പാക്കാനുള്ളതല്ല കേരളം. ഭരണഘടനാ വിരുദ്ധമായതൊന്നും കേരളത്തിൽ അനുവദിക്കില്ല. ഒന്നിച്ചുള്ള സമരത്തിനില്ലെന്ന് പറയുന്നവർ അത് മഹാ കരുത്താണെന്നത് ഓർക്കണം. യോജിപ്പ് വേണമെന്നാണ് താനിപ്പോഴും അഭ്യർത്ഥിക്കുന്നത്. നേരത്തെ ഒന്നിച്ചുനിന്നപ്പോൾ രാജ്യമൊന്നാകെ ശ്രദ്ധിച്ചു. അതിന്റെ പ്രതിഫലനം വലുതായിരുന്നു. ഒറ്റയ്ക്കൊറ്റയ്ക്കുള്ള ശക്തി പ്രകടനമല്ല ആവശ്യം. നിർഭാഗ്യവശാൽ ചില കുഞ്ഞുമനസ്സുകൾ പെട്ടെന്നങ്ങ് അസംതൃപ്തരായി ഇനി യോജിപ്പില്ലെന്നൊക്കെ പറഞ്ഞപ്പോൾ താൻ അന്ധാളിച്ചു. യോജിച്ചുള്ള സമരത്തിന് പ്രതിപക്ഷത്തിനിടയിൽ തന്നെ യോജിപ്പില്ലെന്നറിയാം. തർക്കിക്കാൻ നേരത്തെ ധാരാളം സമയമുണ്ടായിട്ടുണ്ട്. ഇനി ഉണ്ടാവുകയും ചെയ്യും. പക്ഷേ, ഇത് രാജ്യത്തിന്റെ നിലനിൽപ്പിന്റെ പ്രശ്നമാണ്. ഇവിടെ എല്ലാവരും ഒന്നിച്ചു നിൽക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ അദ്ധ്യക്ഷനായി. മന്ത്രി കെ.ടി. ജലീൽ, മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഖലീലുൽ ബുഖാരി, ഡോ. ഹുസൈൻ മടവൂർ, ഡോ. ഇ.കെ.അഹമ്മദ് കുട്ടി, പന്ന്യൻ രവീന്ദ്രൻ, പാലോളി മുഹമ്മദ്കുട്ടി, ടി.കെ. ഹംസ, ഇ.എൻ. മോഹൻദാസ് തുടങ്ങിയവർ പ്രസംഗിച്ചു.