കോഴിക്കോട്: നാട്ടാനകളെ പങ്കെടുപ്പിച്ചുകൊണ്ടുളള ഉത്സവങ്ങൾ/പൂരങ്ങൾ/വരവുകൾ എന്നിവയുടെ രജിസ്‌ട്രേഷൻ 2015 ൽ ജില്ലാ മോണിറ്ററിങ്ങ് കമ്മിറ്റിയിൽ നടത്തിയിരുന്നതിന്റെ അടിസ്ഥാനത്തിൽ അന്ന് രജിസ്റ്റർ ചെയ്യാൻ വിട്ടുപോയവർക്ക് രജിസ്റ്റർ ചെയ്യാൻ ജനുവരി 20 മുതൽ ഒരു മാസക്കാലം സമയം അനുവദിച്ചു.

2012 വരെ നടന്നു വന്നിരുന്ന ആനയെ എഴുന്നളളിക്കുന്ന ഉത്സവങ്ങൾ/പൂരങ്ങൾ/വരവുകൾ എന്നിവയ്ക്ക് മാത്രമേ തുടർ വർഷങ്ങളിലേക്ക് രജിസ്‌ട്രേഷൻ നൽകൂ. 2012 ന് ശേഷം ആരംഭിച്ച ആനയെ ഉപയോഗിച്ചുളള പുതിയ ഉത്സവങ്ങൾ/പൂരങ്ങൾ/വരവുകൾ എന്നിവ നിയമവിരുദ്ധമായതിനാൽ രജിസ്‌ട്രേഷൻ ലഭിക്കുകയില്ല.

2012 ന് മുമ്പ് ആനയെ ഉപയോഗിച്ചിരുന്നു എന്ന കാര്യം തെളിയിക്കുന്ന രേഖകൾ സഹിതം കൊയിലാണ്ടി, വടകര താലൂക്കിൽപ്പെട്ട ആരാധനാലയങ്ങൾ വടകര സോഷ്യൽ ഫോറസ്ട്രി റെയിഞ്ച് ഓഫീസർ, മിനി സിവിൽ സ്റ്റേഷൻ, വടകര എന്ന മേൽവിലാസത്തിലും കോഴിക്കോട്, താമരശ്ശേരി താലൂക്കുകളിലെ ആരാധനാലയങ്ങൾ കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ, കോഴിക്കോട്, വനശ്രീ, മാത്തോട്ടം എന്ന മേൽവിലാസത്തിലും സമർപ്പിക്കാം.

കൂടുതൽ വിവരങ്ങൾക്ക് കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ 8547603816, വടകര സോഷ്യൽ ഫോറസ്ട്രി റെയിഞ്ച് ഓഫീസർ 8547603822, കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫീസ് 0495 2416900.