ഫറോക്ക്: പൗരത്വ ബില്ലിലൂടെ മുസ്ലിം സമുദായത്തെ പിറന്ന നാട്ടിൽ നിന്ന് അന്യവൽക്കരിക്കാനും, പുറത്താക്കാനുമുള്ള പ്രധാനമന്ത്രി മോദിയുടെയും അഭ്യന്തര മന്ത്രി അമിത്ഷായുടെയും ശ്രമങ്ങൾ ഇന്ത്യാ രാജ്യത്ത് സവർണ്ണ ഫാസിസത്തിന്റെ സമ്പൂർണ്ണവൽക്കരണം നടപ്പിലാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും തുടർന്നങ്ങോട്ട് ദളിതരും, ഈഴവരും മറ്റ് ന്യൂനപക്ഷങ്ങളും ബഹിഷ്കൃതരാകുമെന്നും മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് എം.സി മായിൻഹാജി പറഞ്ഞു .
സി.എം.പി. യുടെ സേവ് റിപ്പബ്ലിക് മാർച്ചിന്റെ സമാപന സമ്മേളനം രാമനാട്ടുകരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജി.നാരായണൻകുട്ടി മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു . കെ.പി.സി.സി സെക്രട്ടറി കെ.സി അബു, സി.എം.പി സംസ്ഥാന സെക്രട്ടറിമാരായ സി.എൻ വിജയകൃഷ്ണൻ, കൃഷ്ണൻ കോട്ടുമല, കെ.എ കുര്യൻ, എൻ.പി അബ്ദുൾ ഹമീദ്, ചാലിൽ മൊയ്തീൻകോയ, കെ.സി രാജൻ, ടി.പി ശശിധരൻ, ജാഥാ ക്യാപ്റ്റൻ അഷറഫ് മണക്കടവ് , ഉഷ ഫറോക്ക്, പി. ബൈജു, ചീരമറ്റം തങ്കച്ചൻ, സുധീഷ്.എം. തുടങ്ങിയവർ സംസാരിച്ചു. വി.വി രവീന്ദ്രൻ സ്വാഗതം പറഞ്ഞു.