കോഴിക്കോട്: സമഗ്രമായ പ്ലാന്റേഷന്‍ നയം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തോട്ടം മേഖല അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ പരിഹരിച്ച് പഴയ പ്രതാപം വീണ്ടെടുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

പ്ലാന്റര്‍മാരും തൊഴിലാളികളും വ്യവസായികളും ഉള്‍പ്പെടെ മേഖലയുമായി ബന്ധപ്പെട്ടവരുടെയും വിദഗ്ദ്ധരുടെയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വരൂപിച്ചാണ് നയത്തിന് അന്തിമരൂപം നല്‍കുക. കരട് നയം ചര്‍ച്ച ചെയ്യുന്നതിനായി ഈ മാസം 21ന് എറണാകുളം പാലാരിവട്ടം റെനൈയ് കൊച്ചിന്‍ ഹോട്ടലിൽ ശില്പശാല സംഘടിപ്പിക്കും.

തോട്ടംമേഖലയെ പുനരുജ്ജീവിപ്പിച്ച് തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട വേതനവും ജീവിത സൗകര്യങ്ങളും ഉറപ്പുവരുത്തല്‍, ഉല്പാദനക്ഷമത വര്‍ദ്ധിപ്പിക്കല്‍, വൈവിദ്ധ്യവല്‍ക്കരണം, ഉല്പന്നങ്ങളുടെ സംഭരണം, സംസ്‌കരണം, വിപണനം, മൂല്യവര്‍ദ് ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം, വിപണി കണ്ടെത്തല്‍ തുടങ്ങിയവയ്ക്ക് പ്ലാന്റേഷന്‍ നയം ഊന്നല്‍ നല്‍കും.

ഏറ്റവും ഉയര്‍ന്ന വേതനം കൈപ്പറ്റുന്ന തോട്ടം തൊഴിലാളികള്‍ കേരളത്തിലാണ്. റവന്യൂ, വനം, കൃഷി, തൊഴില്‍, വ്യവസായം, തദ്ദേശസ്വയംഭരണം, ധനകാര്യം, നികുതി, വൈദ്യുതി വകുപ്പുകളുമായുളള ആശയവിനിമയത്തിലൂടെ ദൈനംദിന പ്രവര്‍ത്തനവും ഭാവിപരിപാടികളും ആസൂത്രണം ചെയ്യുന്നതിനായി പ്ലാന്റേഷന്‍ ഡയറക്ടറേറ്റ് രൂപീകരിക്കാനും തീരുമാനിച്ചതായി മന്ത്രി വെളിപ്പെടുത്തി.

പ്ലാന്റേഷന്‍ ടാക്‌സ് പൂര്‍ണ്ണമായും ഒഴിവാക്കുകയും തോട്ടം മേഖലയില്‍ നിന്നും കാര്‍ഷികാദായ നികുതി ഈടാക്കുന്നത് മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. റബ്ബര്‍ മരം മുറിച്ചു മാറ്റുമ്പോള്‍ 2500 രൂപ വീതം സീനിയറേജായി ഈടാക്കിയിരുന്നത് ഒഴിവാക്കി. തോട്ടം തൊഴിലാളി ലയങ്ങളെ കെട്ടിട നികുതിയില്‍ നിന്ന് ഒഴിവാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ലൈഫ് ഭവനപദ്ധതിയുടെ മാര്‍ഗരേഖകള്‍ക്ക് വിധേയമായി, തൊഴിലാളികള്‍ക്ക് ആവശ്യമായ വാസഗൃഹങ്ങള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു - മന്ത്രി പറഞ്ഞു