കൽപ്പറ്റ: അഛനും മകളും സ്വകാര്യബസിൽനിന്ന് വീണ് പരിക്കേറ്റ സംഭവത്തിൽ ബസ് ജീവനക്കാർക്കെതിരെ നടപടി. കാര്യമ്പാടി മോർക്കാലായിൽ ജോസഫ്(54), മകൾ നിതു(22) എന്നിവർക്കാണ് പരിക്കേറ്റത്.

കഴിഞ്ഞ ദിവസം വൈകുന്നേരം മീനങ്ങാടി അമ്പത്തിനാലിലാണ് സംഭവം. ബസിന്റെ പിൻചക്രം കയറി തുടയെല്ലു തകർന്ന് ഗുരുതരാവസ്ഥയിലായ ജോസഫ് വിംസ് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. നിതുവിനും പരിക്കേറ്റിട്ടുണ്ട്.ജീവനക്കാരുടെ അശ്രദ്ധമൂലം താൻ വീണതു ചോദ്യം ചെയ്ത പിതാവിനെ ബസിൽനിന്ന് തള്ളിവീഴ്ത്തുകയായിരുന്നുവെന്ന് നിതു പറഞ്ഞു.
ഇറങ്ങുന്നതിനു മുമ്പ് ബസ് എടുത്തതാണ് നിതു വീഴാൻ കാരണം. ഇതേക്കുറിച്ചു ചോദിക്കുന്നതിന് വീണ്ടും ബസിലേക്കു കയറിയപ്പോഴായിരുന്നു ബസ് മുന്നോട്ടെടുത്ത് ജോസഫ് വീണത്. ജോസഫിന്റെ കാലിൽ ചക്രം കയറിയത് അറിഞ്ഞിട്ടും ജീവനക്കാർ ബസ് നിർത്താതെ പോയെന്നാണ് പരാതി.

പ്രാഥമിക അന്വേഷണത്തിൽ ബസ് ഡ്രൈവറായ വിജീഷ്, കണ്ടക്ടർ ലതീഷ് എന്നിവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ഇരുവരുടേയും ലൈസൻസ് സസ്‌പെന്റ് ചെയ്യാൻ നടപടി സ്വീകരിച്ചതായി എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ വാർത്താകുറിപ്പിൽ അറിയിച്ചു.

ജോസഫും നീതുവും ബസ്സിൽ നിന്ന് ഇറങ്ങവേ ബസ് സ്റ്റോപ്പിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികൾ ബസ്സിൽ കയറാനായി ഓടി എത്തുകയും വിദ്യാർത്ഥികളെ ബസ്സിൽ കയറ്റാതിരിക്കാൻ ബസ് മുന്നോട്ടെടുത്തതുമാണ് അപകട കാരണമെന്ന് ആർ.ടി.ഒ. പറഞ്ഞു. നീതു വീണതു കണ്ട് വിദ്യാർത്ഥികൾ ബഹളംവച്ചു. ജോസഫ് മുന്നോട്ടു വന്ന് ബസ്സിൽ പിടിക്കവേ കണ്ടക്ടർ ബസ്സിൽ നിന്ന് അദ്ദേഹത്തിന്റെ കൈ ബലമായി വിടുവിക്കുകയും റോഡിൽ വീണ ജോഫിന്റെ ഇരു കാലുകളിലൂടെയും ബസ്സിന്റെ പിൻചക്രം കയറിയിറങ്ങുകയുമായിരുന്നു. നാട്ടുകാരും വിദ്യാർത്ഥികളും ചേർന്നാണ് അദ്ദേഹത്തെ കൽപ്പറ്റയിലെ ലിയോ ആശുപത്രിയിൽ എത്തിച്ചത്.

അതേസമയം, യാത്രക്കാരനെ ബസിൽനിന്ന് തള്ളിവീഴ്ത്തിയെന്ന ആരോപണം ശരിയല്ലെന്നു ബസ് ഉടമ പി.കെ.രാജശേഖരൻ പറഞ്ഞു. സ്‌കൂൾ സമയമായിരുന്നതിനാൽ ബസിൽ നല്ല തിരക്കായിരുന്നു. യാത്രക്കാരി ബസിൽനിന്ന് വീണത് ഡ്രൈവറോ കണ്ടക്ടറോ കണ്ടിരുന്നില്ല. ഓടുന്ന ബസിൽ പിന്നാലെ ഓടി കയറാൻ ശ്രമിക്കുമ്പോഴാണ് യാത്രക്കാരൻ അപകടത്തിൽപ്പെട്ടത്. ആളുകൾ ഒച്ചയിട്ടപ്പോഴാണ് ഡ്രൈവറും ടിക്കറ്റ് കൊടുക്കുകയായിരുന്ന കണ്ടക്ടറും വിവരം അറിഞ്ഞത്. ഉടമ എന്ന നിലയിൽ സംഭവം അറിഞ്ഞയുടൻ യാത്രക്കാരന് ചികിത്സ ലഭ്യമാക്കുന്നതിനു ഇടപെട്ടു. സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു ഭാരിച്ച ചെലവു വരുമെന്നതിനാൽ യാത്രക്കാരനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനും സംവിധാനം ഒരുക്കിയെന്നും രാജശേഖരൻ പറഞ്ഞു.