വാഴവറ്റയിൽ സംസ്ഥാനത്തെ ആദ്യത്തെ മന്ദിരം
മീനങ്ങാടി: ആദിവാസി വിഭാഗങ്ങൾക്കിടയിൽ വീടുകളിലെ പ്രസവം ഒഴിവാക്കാൻ ആരോഗ്യകേന്ദ്രങ്ങൾക്ക് സമീപം ഗർഭകാല ഗോത്ര മന്ദിരം നിർമ്മിക്കുന്നു. സംസ്ഥാനത്തെ ആദ്യത്തെ ഗർഭകാല ഗോത്ര മന്ദിരം വാഴവറ്റയിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്തു.
ആദിവാസി വിഭാഗത്തിൽപ്പെട്ട ഗർഭിണികൾ ആശുപത്രിയിൽ ചികിത്സ തേടാൻ വിമുഖത കാണിക്കുന്ന സാഹചര്യത്തിൽ പ്രസവ ശുശ്രൂഷയ്ക്കും ആരോഗ്യ പരിപാലനത്തിനുമായാണ് ഗർഭകാല ഗോത്ര മന്ദിരങ്ങൾ നിർമ്മിക്കുന്നത്. ജില്ലയിൽ ഏഴ് മന്ദിരങ്ങളാണ് ആദ്യഘട്ടത്തിൽ ഒരുങ്ങുന്നത്.
ഗർഭിണികളായ ആദിവാസി യുവതികൾക്ക് പ്രസവത്തിന് മുമ്പും പിന്നീടും ശുശ്രൂഷ ആവശ്യമാകുന്ന സാഹചര്യത്തിൽ കുടുംബാംഗത്തോടൊപ്പം ഇവിടെ താമസിക്കാം. ഗോത്ര മന്ദിരത്തിൽ ഒരേസമയം രണ്ട് ഗർഭിണികൾക്കും വനിതാ കൂട്ടിരിപ്പുകാർക്കും താമസിക്കാൻ സൗകര്യമുള്ളതാണ്.
വയനാട്ടിൽ വീടുകളിലെ പ്രസവം മറ്റ് ജില്ലകളെ അപേക്ഷിച്ച് കൂടുതലാണ്. പ്രതിമാസം ആറോളം പ്രസവങ്ങൾ ഇത്തരത്തിൽ നടക്കുന്നതായി ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ആശുപത്രി അന്തരീക്ഷത്തിനോട് പ്രസവ സമയത്ത് പൊരുത്തപ്പെടാനുളള മാനസിക പ്രശ്നങ്ങളാണ് ആദ്യ പ്രസവത്തിന് ശേഷം ഇവർ വീടുകളിൽ തന്നെ അടുത്ത പ്രസവം നടത്താൻ തയ്യാറാകുന്നതിന് കാരണമായി കണ്ടെത്തിയത്. ഈ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് ഗർഭകാല ഗോത്ര മന്ദിരം പദ്ധതി ആവിഷ്‌ക്കരിച്ചത്.
നാഷണൽ ഹെൽത്ത് മിഷൻ അനുവദിച്ച ആറ് ലക്ഷം രൂപ ചെലവിലാണ് വാഴവറ്റ ആരോഗ്യ കേന്ദ്രത്തിനോട് ചേർന്ന് മന്ദിരം നിർമ്മിച്ചത്. പഞ്ചായത്ത് പ്രൊജക്ട് ഫണ്ട്, ഐ.സി.ഡി.എസ് ഫണ്ട്, ട്രൈബൽ ഫണ്ട് എന്നിവ ഉപയോഗിച്ചാണ് ഗോത്ര മന്ദിരത്തിലേക്ക് ആവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കിയത്. കുടുംബശ്രീ യൂണിറ്റുകളാണ് ഭക്ഷണം വിതരണം ചെയ്യുക. കൂട്ടിരിപ്പുകാർക്ക് ഭക്ഷണം പാകം ചെയ്യുന്നതിന് ആവശ്യമായ സജ്ജീകരണങ്ങളും മന്ദിരത്തിലുണ്ടാവും. ജില്ലയിൽ എളുപ്പത്തിൽ എത്തിപ്പെടാൻ സാധിക്കാത്ത കോളനികളിലെ ദിവസേന പരിശോധന ആവശ്യമായി വരുന്ന ഗർഭിണികൾക്ക് മാത്രമാണ് മന്ദിരത്തിൽ പരിപാലനം ലഭിക്കുക. അവരെ പ്രസവ ദിവസത്തിന് മുമ്പായി ആശുപത്രിയലേക്ക് മാറ്റും. അത്യാസന്ന നിലയിലുള്ള ഗർഭിണികളെ മന്ദിരത്തിൽ പാർപ്പിക്കില്ല.
ജില്ലയിൽ ആദ്യഘട്ടത്തിൽ 7 മന്ദിരങ്ങൾക്കാണ് പ്രവർത്തന അനുമതി ലഭിച്ചിട്ടുളളത്. നൂൽപ്പുഴ,വാഴവറ്റ,അപ്പപ്പാറ,വൈത്തിരി എന്നീ ആശുപത്രികൾക്ക് സമീപത്താണ് ഇവ നിർമ്മിക്കുന്നത്. 70 ലക്ഷം രൂപ നാഷണൽ ഹെൽത്ത് മിഷൻ അനുവദിച്ചിട്ടുണ്ട്. ഗോത്രവീടുകളുടെ മാതൃകയിൽ ഹാബിറ്റാറ്റ് ആണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്.
ചടങ്ങിൽ സി.കെ.ശശീന്ദ്രൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷ തമ്പി, മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഭരതൻ, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.മിനി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ.രേണുക, ഡോ.സമീഹ സെയ്തലവി തുടങ്ങിയവർ സംസാരിച്ചു.
(ചിത്രം)
ഗർഭകാല ഗോത്ര മന്ദിരത്തിന്റെ ഉദ്ഘാടനം വാഴവറ്റയിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ നിർവ്വഹിക്കുന്നു.