കോഴിക്കോട്: അലനും താഹയും സി.പി.എമ്മിനെ മറയാക്കി പ്രവർത്തിച്ച മാവോയിസ്റ്റുകളാണെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ പറഞ്ഞു.കോഴിക്കോട് നടക്കുന്ന ലിറ്ററേചർ ഫെസ്റ്റിവല്ലിൽ ' മാവോയിസവും ഇസ്ളാമിസവും ' എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അലനെയും താഹയെയും മുസ്ളിം ആയത് കൊണ്ടാണ് അറസ്റ്റ് ചെയ്തതെന്ന വാദം തള്ളിയ പി ജയരാജൻ ഇവർ എസ്.എഫ്.ഐയിൽ പ്രവർത്തിക്കുമ്പോൾ തന്നെ മാവോയിസ്റ്റ് ആശയങ്ങൾ സംഘടനയിൽ കുത്തികയറ്റിയിട്ടുണ്ടെന്നും പറഞ്ഞു. ഇക്കാര്യങ്ങൾ പാർട്ടി നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
മാവോയിസ്റ്റുകൾക്ക് ജമാ അത്തെ ഇസ്ളാമി സഹായം നൽകുന്നുണ്ട്. സാമ്പത്തികമായും പ്രവർത്തന മേഖല ഒരുക്കിയുമാണ് സഹായം .
സി.പി.എം ഒരിക്കലും മുസ്ളിം സമൂഹത്തിന് എതിരായി നിന്നിട്ടില്ല.തലശേരി കലാപ സമയത്ത് മുസ്ളിം പള്ളികൾക്ക് സി.പി.എം പ്രവർത്തകർ സംരക്ഷണം നൽകിയ കാര്യം അദ്ദേഹം ഓർമ്മിപ്പിച്ചു. സംവാദത്തിൽ കെ വേണു, സി.ദാവൂദ് എന്നിവർ പങ്കെടുത്തു.മാദ്ധ്യപ്രവർത്തകൻ അഭിലാഷ് മോഹനൻ മോഡറേറ്റർ ആയിരുന്നു.