r
നന്മണ്ടയിൽ സംഘപരിവാർ പ്രവർത്തകർ ആരംഭിച്ച പുതിയ സംരഭം

കോഴിക്കോട്: ബി ജെ പിയുടേയും സംഘപരിവാർ സംഘടനകളുടേയും സി എ എ അനുകൂല സമ്മേളനം നടക്കുമ്പോൾ കടകളടച്ച് പ്രതിഷേധിച്ചവർക്ക് മറുപടി നൽകാൻ പുതിയ വ്യാപാര സംഘടനയ്ക്ക് ആർ എസ് എസ് തുടക്കം കുറിച്ചു. ഭാരതീയ വ്യാപാരി വ്യവസായ സംഘം എന്ന പേരിലാണ് സംഘടന രജിസ്റ്റർ ചെയ്തത്.

കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങൾ കേന്ദ്രീകരിച്ചാണ് പ്രവർത്തനം തുടങ്ങിയതെങ്കിലും എറണാകുളത്തും അടുത്ത ദിവസം പ്രവർത്തനം തുടങ്ങും. നേരത്തെ സി എ എ അനുകൂല പ്രക്ഷോഭങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്താൻ ജനജാഗരണ സമിതി എന്ന പേരിൽ ആർ എസ് എസ് പുതിയ സംഘടന രൂപീകരിച്ചിരുന്നു. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി, നന്മണ്ട, എകരൂൽ, നരിക്കുനി എന്നിവിടങ്ങളിൽ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ബി ജെ പി നടത്തിയ റാലികൾ ഒരു വിഭാഗം വ്യാപാരികൾ കടകളടച്ച് ബഹിഷ്ക്കരിച്ചതാണ് സംഘപരിവാറിനെ പ്രകോപിപ്പിച്ചത്.

രണ്ട് ദിവസത്തിനകം തന്നെ നന്മണ്ടയിലും എകരൂരിലും ബദൽ കച്ചവട കേന്ദ്രം തുടങ്ങാൻ സംഘപരിവാറിന് കഴിഞ്ഞു. പച്ചക്കറിയും സ്റ്റേഷനറിയും മത്സ്യവും വരെ ലഭിക്കുന്ന വ്യാപാര സ്ഥാപനമാണ് നന്മണ്ടയിൽ ആർ എസ് എസ് പ്രവർത്തകർ തുടങ്ങിയത്. എകരൂരിലും ബദൽ സംവിധാനം തുടങ്ങി. ഇതേ മാതൃകയിൽ കേരളത്തിലെ എല്ലാ നഗരങ്ങളിലും ഒരു വ്യാപാരകേന്ദ്രം എങ്കിലും യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിക്കാനാണ് ശ്രമം. ജില്ല, മണ്ഡലം, പഞ്ചായത്ത്, ടൗൺ തലങ്ങളിൽ സംഘടന പ്രവർത്തനം തുടങ്ങും.

തങ്ങളെ ബഹിഷ്ക്കരിക്കുന്നവരെ തിരിച്ചു ബഹിഷ്ക്കരിക്കുക എന്നതാണ് സോഷ്യൽ മീഡിയകളിലൂടെ സംഘപരിവാർ ഗ്രൂപ്പുകളിൽ നടക്കുന്ന ആഹ്വാനം. കോഴിക്കോട് മേഖലയുടെ ചുമതല കർഷകമോർച്ചാ നേതാവ് സികെ ബാലകൃഷ്ണനും തിരുവനന്തപുരം മേഖലയുടെ ചുമതല ബി എം എസ് നേതാവായ മണി ചാലയ്ക്കുമാണ്.