കൽപ്പറ്റ: യാത്രക്കാരിയേയും പിതാവിനേയും ജീവനക്കാർ ബസിൽ നിന്ന് തള്ളിയിട്ടെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.കെ ഹരിദാസൻ പറഞ്ഞു. ബസ് ജീവനക്കാരെല്ലാം നിലവിലെ നിയമങ്ങളിൽ ബോധവാൻമാരാണ്. യാത്രക്കാരനെ തള്ളിയിട്ടുവെന്നത് കെട്ടിച്ചമച്ച കഥയാണ്. 54ൽ രണ്ട് കോളജുകളാണുള്ളത്. ഇവിടെ നിന്നും നിരവധി കുട്ടികൾ ബസുകളിൽ സാധാരണ കയറാറുണ്ട്. ഇത്തരത്തിൽ കുട്ടികൾ കയറുന്നതിനിടെ തിക്കിലും തിരക്കിലും പെട്ടാണ് യാത്രക്കാരിയായി നീതു വീണത്. ഇതുകണ്ട് രക്ഷിതാവ് മുന്നിലെ ഡോറിലേക്ക് ഓടിയെത്തി കയറാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി വീഴുകയായിരുന്നു. കണ്ടക്ടർ ബസിനുള്ളിലാണ് ഉണ്ടായിരുന്നത്. ബസുകളിൽ ഇപ്പോൾ ക്ലീനർ തസ്തിക ഇല്ല. ബസിൽ നിന്ന് യാത്രക്കാരൻ വീണ് പരുക്കേറ്റ സംഭവം ഏറെ ഖേദകരമാണ്. അദ്ദേഹത്തിന് ആവുന്ന സഹായങ്ങൾ നൽകാനും ബസുടമ തയ്യാറായത് അതുകൊണ്ടാണ്. സ്വകാര്യ ബസിൽ നിന്ന് അപകടം സംഭവിച്ചതിനാലാണ് മറ്റ് തരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നതെന്നും പി.ബി.ഒ.എ ജില്ലാ പ്രസിഡന്റ് പറഞ്ഞു.