കൊടിയത്തൂർ : നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം എന്ന ജീവനി പദ്ധതിയിൽ ജനപ്രതിനിധികളുടെ വീട്ടിൽ പോഷകത്തോട്ടമൊരുക്കുന്നതിന്റെ ഉദ്ഘാടനം കൊടിയത്തൂരിൽ ഇന്ന് നടന്നു. രാവിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ വസതിയിൽ നടന്ന ചടങ്ങിൽ എം.എൽ.എ ജോർജ്.എം.തോമസ് ഉദ്ഘാടകനായെത്തി. വീടിനോട് ചേർന്ന 10 സെന്റ് സ്ഥലമാണ് ഇതിനായി സജ്ജീകരിച്ചത്. നാളുകൾ പിന്നിടുമ്പോൾ മുളകും, പയറും, തക്കാളിയും, വഴുതനയും , പപ്പായയും പ്രസിഡന്റിന്റെ വീട്ടിൽ തന്നെ വിളയും.
വിഷരഹിത പച്ചക്കറി സ്വയം പര്യാപ്തതയിലേക്ക് സംസ്ഥാനത്തെ നയിക്കുന്നതിനായാണ് 'ജീവനി' പദ്ധതിയിൽ ഉൾപ്പെടുത്തി ഇത്തരത്തിൽ പോഷകത്തോട്ടങ്ങൾ ഒരുക്കുന്നത്. വരും ദിവസങ്ങളിലായി മറ്റു ജനപ്രതിനിധികൾ, മാധ്യമ പ്രവർത്തകർ എന്നിവരുടെ വീടുകളിലും, സർക്കാർ സ്ഥാപനങ്ങൾ, സ്‌കൂളുകൾ എന്നിവിടങ്ങളിലും തോട്ടങ്ങൾ ഒരുക്കും.
കർഷകർക്കായി പച്ചക്കറി തൈകളുടെ വിതരണവും വാർഡ് അടിസ്ഥാനത്തിൽ കൃഷിഭവൻ വഴി നടക്കുന്നുണ്ട്. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി.അബ്ദുള്ള, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ചന്ദ്രൻ കെ.പി , പഞ്ചായത്ത് അംഗം ചേറ്റൂർ മുഹമ്മദ് , കുന്നമംഗലം കൃഷി അസിസ്റ്റന്റ് ഡയറക്ടർ മീന ടി.ഡി, കൃഷി ഓഫീസർ ഫെബിദ കെ ടി, ഉദ്യോഗസ്ഥരായ ജാഫർ കെ.കെ സഫറുദ്ധീൻ കെ.എം, മമ്മദ് കുട്ടി കെ.സി, ഹമീദ് കെ.പി തുടങ്ങിയവരും പങ്കെടുത്തു.