കോഴിക്കോട്: ബിജെപി സംസ്ഥാന പ്രസിഡൻറിനെ ഞായറാഴ്ച പ്രഖ്യാപിച്ചേക്കും. 20ന് സംസ്ഥാനങ്ങളിലെ പുതിയ പാർട്ടി പ്രസിഡൻറുമാരോടും അഖിലേന്ത്യാ ജനറൽ സെക്രട്ടറിമാരോടും കോർ ടീം അംഗങ്ങളോടും ഡൽഹിയിലെ പാർട്ടി ഹെഡ്ക്വാർട്ടേഴ്സിൽ എത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. സ്ഥാനമൊഴിയുന്ന അമിത്ഷായ്ക്ക് പകരം ഈ യോഗത്തിൽ പുതിയ അഖിലേന്ത്യാ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കും.

നിലവിൽ 19 സംസ്ഥാനങ്ങളിൽ പാർട്ടി അദ്ധ്യക്ഷൻമാരെ തിരഞ്ഞെടുത്തു കഴിഞ്ഞു. അതുകൊണ്ട് തന്നെ ഞായറാഴ്ചയ്ക്കുള്ളിൽ കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിലെ പ്രസിഡൻറുമാരെ പ്രഖ്യാപിക്കാനാണ് സാധ്യത. എന്നാൽ പകുതിയിലേറെ സംസ്ഥാനങ്ങളിലെ പ്രസിഡൻറുമാരെ തിരഞ്ഞെടുത്തു കഴിഞ്ഞതിനാൽ അഖിലേന്ത്യാ പ്രസിഡൻറിനെ തിരഞ്ഞെടുക്കാൻ ഭരണഘടനാ പ്രശ്നങ്ങളൊന്നുമില്ല. സംസ്ഥാനത്തെ സംഘടനാ തിരഞ്ഞെടുപ്പിൻെറ വരണാധികാരികളായ പുരുഷോത്തം കൃപാനി, വി ടി രവി എന്നിവർ അടുത്ത ദിവസം കേരളത്തിലെത്തും.

സംസ്ഥാന കോർകമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തിലാവും പ്രസിഡൻറിനെ തിരഞ്ഞെടുക്കുക. തുടർന്ന് കേന്ദ്ര നേതൃത്വത്തിന് ഈ പേര് അയച്ചു കൊടുക്കും. കേന്ദ്ര നേതൃത്വമാണ് സംസ്ഥാന പ്രസിഡൻറിനെ പ്രഖ്യാപിക്കുക. കെ.സുരേന്ദ്രൻ, എ എൻ രാധാകൃഷ്ണൻ, ശോഭാ സുരേന്ദ്രൻ എന്നീ പേരുകളാണ് അന്തിമ പട്ടികയിലുള്ളത്.