പുൽപ്പള്ളി: മുള്ളൻകൊല്ലി സർവ്വീസ് സഹകരണ ബാങ്ക് നിയമന വിഷയത്തിൽ കോൺഗ്രസ്സിനുള്ളിലെ വിവാദത്തിന് ചൂടുപിടിക്കുന്നു. കഴിഞ്ഞ ദിവസം മുള്ളൻകൊല്ലിയിൽ വിളിച്ചുചേർത്ത മണ്ഡലം കമ്മറ്റി യോഗത്തിലും ഈ വിഷയം പ്രധാന ചർച്ചയായി. രണ്ടാഴ്ച മുമ്പ് ഈ വിഷയം ചർച്ച ചെയ്യാൻ വളിച്ചുചേർത്ത മണ്ഡലം ഭാരവാഹികളുടെ യോഗം അലസി പിരിഞ്ഞിരുന്നു.
ചില മുൻ ഡയറക്ടർമാരും കോൺഗ്രസ് നേതാക്കളും നിയമനത്തിന് ലക്ഷങ്ങൾ വാങ്ങിയെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്.
കോൺഗ്രസ്സ് പദയാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനായിരുന്നു കഴിഞ്ഞ ദിവസം യോഗം വിളിച്ചുചേർത്തത്. എന്നാൽ നിയമനവുമായി ബന്ധപ്പെട്ടുള്ള കോഴ വിവാദം ചർച്ച ചെയ്യാതെ മറ്റ് കാര്യങ്ങൾ ഒന്നും ചർച്ച ചേയ്യേണ്ട എന്ന തീരുമാനത്തിലായിരുന്നു ഭൂരിഭാഗം ആളുകളും. മൂന്ന് ഡി സി സി ജനറൽ സെക്രട്ടറിമാരടക്കം യോഗത്തിൽ പങ്കെടുത്തിരുന്നു. മുള്ളൻകൊല്ലിക്ക് പുറത്തുള്ള ചില നേതാക്കൾ കോഴ വീതംവയ്പ്പിൽ പങ്കുചേർന്നെന്നാണ് ഒരു വിഭാഗം പ്രവർത്തകർ
ആരോപിക്കുന്നത്. വാങ്ങിയ പണം പാർട്ടി കാര്യങ്ങൾക്കായി വിനിയോഗിക്കണമെന്നാണ് ഇവരുടെ ആവശ്യം.
മുള്ളൻകൊല്ലിയിൽ പാർട്ടി ഓഫീസ് നിർമ്മിക്കുന്നതിന് സ്ഥലം വാങ്ങിയിട്ടുണ്ട്. ഇതിൽ കെട്ടിട നിർമ്മാണത്തിനടക്കം പണം ഇനിയും കണ്ടെത്തേണ്ടതായിട്ടുണ്ടെന്നും ഈ ആവശ്യത്തിലേക്ക് പിരിവ് അനുവദിക്കില്ലെന്നുമാണ് ഭൂരിഭാഗം ഭാരവാഹികളും പറയുന്നത്. നൂറോളം പേർ യോഗത്തിൽ പങ്കെടുത്തിരുന്നു. നിയമനവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് ഉപസമിതിയെ നിയമിച്ചിരുന്നു.
നിയമന വിവാദം പാർട്ടി വേദികളിൽ സജീവ ചർച്ചയായതോടെ നേതൃത്വവും ആശങ്കയിലാണ്. വയനാട്ടിൽ മുള്ളൻകൊല്ലി പഞ്ചായത്ത് കോൺഗ്രസ്സിന്റെ ശക്തികേന്ദ്രമാണ്. പാർട്ടിക്കുള്ളിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങൾ പൊതു ചർച്ചയായി മാറിയത് പാർട്ടിക്ക് ക്ഷീണം വരുത്തുമെന്ന് വിലയിരുത്തുന്നവരുമുണ്ട്. പ്രശ്നം രമ്യമായി പരിഹരിക്കാനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്.