വടകര: ഓർക്കാട്ടേരി ടൗണിൽ കച്ചവടം ചെയ്യുന്ന വ്യാപാരിക്കെതിരെ കെട്ടിട ഉടമയുടെ അതിക്രമത്തിൽ വ്യാപാരികളുടെ പ്രതിഷേധം. വൈക്കിലശേരി റോഡിലെ എവർഷൈൻ ബിൽഡിങ് മെറ്റീരിയൽസ് എന്ന കടയുടെ രണ്ട് മുറികൾ കെട്ടിട ഉടമയുടെ പരാതി പ്രകാരം കോടതി ഒഴിപ്പിച്ചിരുന്നു. എന്നാൽ ബാക്കിയുള്ള മൂന്ന് മുറികളിൽ കച്ചവടം ചെയ്യുന്ന വ്യാപാരിയെ ഉടമയും സംഘവും ഭീഷണിപ്പെടുത്തുകയും ഒഴിയാൻ വേണ്ടി എടച്ചേരി പൊലിസിൽ പരാതി നൽകുകയും ചെയ്തു.
പൊലിസെത്തി കട തുറന്നപ്പോഴാണ് കടയിലെ പത്ത് ലക്ഷത്തോളം രൂപ വിലവരുന്ന സാധനങ്ങൾ നഷ്ടപ്പെട്ടതായി കടയുടമ കെ.ഇ ഇസ്മായിൽ അറിയുന്നത്. രാത്രിയുടെ മറവിൽ കെട്ടിട ഉടമയും സംഘവും പൂട്ടുപൊളിച്ച് സാധനങ്ങൾ കടത്തിയതാണെന്ന് വ്യാപാരി പറയുന്നു. സംഭവത്തിൽ ഓർക്കാട്ടേരിയിലെ വ്യാപാരികൾ വ്യാപാര സംരക്ഷണ സമിതിയുടെ പേരിൽ പ്രതിഷേധിച്ചു. വ്യാപാരിക്കെതിരെ കെട്ടിട ഉടമ നടത്തുന്ന നീക്കങ്ങളെ നിയമപരമായി നേരിടാൻ വ്യാപാരി സംരക്ഷണ സമിതിയുടെ യോഗം തീരുമാനിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് വ്യാപാരികൾ ഓർക്കാട്ടേരി ടൗണിൽ പ്രകടനം നടത്തി. കെ.കെ റഹീം, ഇ വാസു , ടി.എൻ.കെ പ്രഭാകരൻ, അശോകൻ, വാസു ആരാധന, ചന്ദ്രൻ കെ എം ,പി കെ നാണു,റിയാസ് കുനിയിൽ,അഭിലാഷ് കോമത്ത് എന്നിവർ നേതൃത്വം നൽകി.