മാനന്തവാടി: സ്വകാര്യ ബസ് ഉടമ കോടതിയെ സമീപിച്ച് നേടിയ വിധിയുടെ അടിസ്ഥാനത്തിൽ കല്ലോടി റൂട്ടിലെ
കെ എസ് ആർ ടി സി സർവ്വീസുകൾ വ്യാഴാഴ്ച മുതൽ നിർത്തി വെച്ചതിനെ തുടർന്ന് യാത്ര ദുരിതം രൂക്ഷമായതോടെ പ്രതിഷേധം ശക്തമാകുകയും നാട്ടുകാർ സ്വകാര്യ ബസ്സ് തടയുകയും ചെയ്തു. വ്യാഴാഴ്ച മുതൽ 6 ഓളം സർവ്വീസുകൾ നിർത്തി വെച്ചതോടെ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേരാണ് ദുരിതത്തിലായത് . വിവിധ രാഷ്ട്രിയ കക്ഷികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ വെള്ളിയാഴ്ച രാവിലെ കല്ലോടിയിൽ സ്വകാര്യ ബസ്സ് തടയുകയായിരുന്നു. പിന്നീട് മാനന്തവാടി സി ഐ എം.എം.അബ്ദുൽ കരീമിന്റെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിൽ ഒരു ബസ് അധികമായി സർവ്വീസ് നടത്തുമെന്നും തിങ്കളാഴ്ച മുതൽ കൂടുതൽ സർവ്വീസുകൾ നടത്തുമെന്ന ഉറപ്പിൻമേൽ സമരം അവസാനിപ്പിക്കുകയായിരുന്നു.

മനു ജി കുഴിവേലി, കെ ആർ ജയപ്രകാശ്, ജോർജ്ജ് പടകൂട്ടിൽ, എം കെ ജോർജ്, നജീബ് മണ്ണാർ എന്നിവർ ചർച്ചയ്ക്ക് നേതൃത്വം നൽകി, മോട്ടോർ വാഹന വകുപ്പ്, ഉദ്യോഗസ്ഥർ, കെ എസ് ആർ ടി സി അധികൃതർ എന്നിവരും സംബന്ധിച്ചു.