കോഴിക്കോട് : അടുത്ത മൂന്നു വർഷത്തിനുള്ളിൽ കേരള ബാങ്കിനെ സംസ്ഥാനത്തെ ഒന്നാമത്തെ ബാങ്കാക്കി മാറ്റുന്നതിനുള്ള പദ്ധതികളാണ് തയ്യാറാക്കിയിട്ടുള്ളതെന്ന് സഹകരണ വകുപ്പ് മന്ത്രി കടകം പള്ളി സുരേന്ദ്രൻ. സംസ്ഥാന സഹകരണ ബാങ്കിൽ ലയിച്ച ജില്ലാ സഹകരണ ബാങ്ക് ശാഖകൾക്കെല്ലാമായി 65,000 കോടി നിക്ഷേപവും ഒരു ലക്ഷം കോടി ബിസിനസ്സുമാണുള്ളത്.
സംസ്ഥാനത്തെ രണ്ടാമത്തെ ബാങ്കായ കേരള ബാങ്കിന്റെ അടുത്ത മൂന്നു വർഷത്തെ ബിസിനസ് ലക്ഷ്യം മൂന്നു ലക്ഷം കോടിയാണെന്നും മന്ത്രി പറഞ്ഞു. കേരള ബാങ്കിന്റെ കോഴിക്കോട് , വയനാട് ജില്ലകളിലെ ശാഖാ മാനേജർമാരുടെ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
മാനേജർമാർ എന്താണോ ചെയ്യുന്നത് അതാണ് മാനേജ്‌മെന്റിന്റെ ലളിതമായ നിർവചനമെന്നും , ബാങ്കിന്റെ വിജയം മാനേജർമാരുടെ പ്രവർത്തനത്തെ ആശ്രയിച്ചാകുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന പ്രഥമ ജനറൽബോഡിയിൽ വെച്ച് ബാങ്കിന്റെ ലോഗോ പ്രകാശനം ചെയ്യും. കെ.ഡി.സി.ബാങ്കിന്റെ വാർത്താ പത്രികയുടെ വാർഷികപതിപ്പും മന്ത്രി പ്രകാശനം ചെയ്തു.
കോഴിക്കോട് കല്ലായ് റോഡ് , ഇ.വി.കുമാരൻ മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ കേരള സംസ്ഥാന സഹകരണ ബാങ്ക് ചീഫ് ജനറൽ മാനേജർ കെ.സി.സഹദേവൻ അദ്ധ്യക്ഷത വഹിച്ചു. സഹകരണ സംഘം അഡീഷണൽ റജിസ്ട്രാർ എം.ബിനോയ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. കേരള ബാങ്ക് കോഴിക്കോട് ജനറൽ മാനേജർ കെ.പി.അജയകുമാർ സ്വാഗതവും വയനാട് ജനറൽ മാനേജർ പി.ഗോപകുമാർ നന്ദിയും പറഞ്ഞു.