പനമരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ 26ന് സംഘടിപ്പിക്കുന്ന മനുഷ്യ മഹാശൃംഖലയുടെ ജില്ലാ പ്രചാരണ ജാഥയ്ക്ക് പനമരത്ത് തുടക്കം. സി കെ ശശീന്ദ്രൻ എംഎൽഎ ക്യാപ്റ്റനും വിജയൻ ചെറുകര വൈസ് ക്യാപ്റ്റനും വി പി വർക്കി മാനേജരുമായ ജാഥ സി.പി.ഐ ദേശീയ കൗൺസിൽ അംഗം കെ പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജാഥ ശനിയാഴ്ച മുതൽ മൂന്ന് ദിവസം മാനന്തവാടി, കൽപ്പറ്റ, ബത്തേരി മണ്ഡലങ്ങളിൽ പര്യടനം നടത്തും. 18ന് മാനന്തവാടി മണ്ഡലത്തിലാണ് പര്യടനം. രാവിലെ ഒൻപതിന് നരിക്കലിൽ നിന്ന് പ്രയാണമാരംഭിച്ച് വൈകിട്ട് 6.30ന് മാനന്തവാടിയിൽ സമാപിക്കും. 19ന് കൽപ്പറ്റ മണ്ഡലത്തിലാണ് പര്യടനം. കുപ്പാടിത്തറയിൽ ആരംഭിച്ച് മേപ്പാടിയിൽ സമാപിക്കും. 20ന് ബത്തേരി മണ്ഡലത്തിലെ പര്യടനം മൂലങ്കാവ് തുടങ്ങി ബത്തേരിയിൽ സമാപിക്കും.
ഉദ്ഘാടന ചടങ്ങിൽ ഒ ആർ കേളു എംഎൽഎ അദ്ധ്യക്ഷനായി. സി കെ ശശീന്ദ്രൻ എംഎൽഎ, സി.പി.എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ, സി.പി.ഐ ജില്ലാ സെക്രട്ടറി വിജയൻ ചെറുകര, പി കെ ബാബു, സി എം ശിവരാമൻ, എൻ ഒ ദേവസ്യ, കെ എ ആന്റണി, സണ്ണി മാത്യു, മുഹമ്മദ് പഞ്ചാര, സി കെ ഉമ്മർ, എച്ചോം ഗോപി, എ എൻ പ്രഭാകരൻ, പി വി സഹദേവൻ, പി കെ സുരേഷ്, കെ റഫീഖ്, പി കെ മൂർത്തി എന്നിവർ സംസാരിച്ചു. എൽ.ഡി.എഫ് ജില്ലാ കൺവീനർ കെ.വി മോഹനൻ സ്വാഗതവും ജസ്റ്റിൻ ബേബി നന്ദിയും പറഞ്ഞു. 26ന് മാനന്തവാടി ഗാന്ധിപാർക്ക് മുതൽ കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് വരെയാണ് മനുഷ്യമഹാ ശൃംഖല തീർക്കുന്നത്.