നാദാപുരം: തിരുവനന്തപുരത്ത് ഇ.കെ.വിജയൻ എം.എൽ.എയുടെ നേതൃത്വത്തിൽ വകുപ്പ് മന്ത്രിയുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ എടുത്ത തീരുമാനം ഉദ്യോഗസ്ഥർ അട്ടിമറിക്കുന്നതായി പരാതി ഉയർന്നു. വടകരയിലേക്കുള്ള കുടിവെള്ള വിതരണം സുഗമമാക്കുന്നതിൻറെ ഭാഗമായി വാണിമേൽ പുഴക്ക് കുറുകെ വിഷ്ണുമംഗലത്ത് സ്ഥാപിച്ച ബണ്ട് അശാസ്ത്രീയമാണെന്ന് കണ്ടെത്തിയിരുന്നു. ഇതു പരിഹരിക്കുന്നതിനായി ബണ്ടിന്റെ ഷട്ടർ പുഴയുടെ മദ്ധ്യ ഭാഗത്ത് വരത്തക്കവിധം സ്ഥാപിക്കാനായിരുന്നു വകുപ്പ് മന്ത്രിയുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ തീരുമാനമായത്.
നാദാപുരം എം.എൽ.എ. ഇ.കെ. വിജയൻ, നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സഫീറ മുനാകുനി, ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് തൊടുവയിൽ മഹമൂദ്, ജനകീയ കമ്മിറ്റി ഭാരവാഹികൾ, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്. നിർമ്മാണ പ്രവൃത്തിക്കായി ഒരു കോടി രൂപ അനുവദിക്കുകയും ചെയ്തു. എന്നാൽ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് തീരുമാനം അട്ടിമറിക്കാനാണ് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ ശ്രമിക്കുന്നതെന്നാണ് പരാതി.
ഇതിനെതിരെ പുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ജനുവരി 28ന് വിഷ്ണുമംഗലം പാലത്തിനടുത്ത് പ്രതിഷേധ സംഗമം നടത്താനും ഫെബ്രുവരി കല്ലാച്ചിയിൽ സത്യാഗ്രഹം നടത്താനും, കോടതിയെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്.പുഴ സംരക്ഷണ സമിതി ചെയർമാൻ അഹമ്മദ് കുറുവയിൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ കോടികണ്ടി മൊയ്തു, സി.എച്ച്.സി അമ്മദ് ഹാജി, വി.പി. റഫീഖ്, സി.എച്ച്.മുഹമ്മദ്, ടി.ടി. അമ്മദ്, പി.കെ. അസീസ്, കെ.കെ. കുഞ്ഞമ്മദ്കുട്ടി, പി.കെ. മൊയ്തു, കെ.കെ. അൻവർ എന്നിവർ പ്രസംഗിച്ചു.