കോഴിക്കോട്: കോഴിക്കോട് മെഡിക്കൽകോളേജിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്കു മുമ്പിലെ റോഡിൽ ട്രാഫിക്ക് നിയമത്തിന് പുല്ലുവില. തൊട്ടടുത്ത് മെഡിക്കൽകോളേജ് പൊലീസ് സ്റ്റേഷനുണ്ടായിട്ടും ഇവിടെ എല്ലാവർക്കും നിയമം ലംഘിക്കാം. ആയിരക്കണക്കിന് രോഗികളും കൂട്ടിരിപ്പുകാരും നിത്യവും കടന്നുപോകുന്ന ഈ റോഡിലെ പാർക്കിംഗ് നിരോധിച്ചിട്ടുള്ളതാണ്. എന്നാൽ വളരെ വ്യക്തമായി പാർക്കിംഗ് പാടില്ല എന്ന് ഇംഗ്ലീഷിൽ എഴുതിവെച്ച ബോർഡിന് താഴെയാണ് ഇരുചക്രവാഹനങ്ങൾ കൂട്ടമായി പാർക്ക് ചെയ്തിരിക്കുന്നത്. വാഹനങ്ങൾ ഫുട്പാത്തിലേക്ക് ചായ്ഞ്ഞ്കിടക്കുന്നതിനാൽ ധൃതിയിൽ പോകുന്ന രോഗികളും അല്ലാത്തവരുമായ കാൽനടയാത്രക്കാർ അനുഭവിക്കുന്ന പ്രയാസങ്ങൾ ചെറുതല്ല. രോഗികൾക്ക് കടന്നു പോകാനാണ് ഇവിടെ പാർക്കിംഗ് നിരോധിച്ചത് എന്നിരിക്കെയാണ് ഈ അനധികൃത പാർക്കിംഗ്. ആശുപത്രിമുറ്റത്ത് ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യാൻ വേണ്ടത്ര സ്ഥലമുണ്ട്. എന്നിട്ടും ഈ നിയമലംഘനം അനുവദിക്കുന്നതിൽ നാട്ടുകാർക്കും രോഗികൾക്കും കടുത്ത അമർഷമാണുള്ളത്. ഒരു ഭാഗത്ത് മാത്രമായി നിലയുറപ്പിച്ചിരുന്ന ചായ കച്ചവടക്കാരും ഇപ്പോൾ ആശുപത്രിയിലേക്കുള്ള പ്രധാനകവാടത്തിനുള്ളിൽ വഴി തടസ്സപ്പെടുത്തുന്ന തരത്തിലും കച്ചവടങ്ങൾ തുടങ്ങിയിട്ടുണ്ടെന്നും ആക്ഷേപമുണ്ട്. കവാടത്തിന് മുമ്പിലെ കച്ചവടക്കാരുടെയും സാധനങ്ങൾ വാങ്ങുന്നവരുടെയും തിരക്ക് കാരണം രോഗികളുമായി ആശുപത്രിയിലേക്ക് വരുന്ന ആംബുലൻസുകളും മറ്റ് വാഹനങ്ങളും പ്രയാസപ്പെടുകയാണെന്ന് രോഗികൾ പറയുന്നു.