കോഴിക്കോട്: മുസ്ളീം തീവ്രവാദി​കൾ വലതു കൈപ്പത്തി​ വെട്ടിമാറ്റിയ സംഭവത്തിന്റെ ഒമ്പതുവർഷം പിന്നിടുമ്പോഴും അതിന്റെ തിക്താനുഭവങ്ങളുമായി ജീവിക്കുന്ന പ്രൊഫ.ടി.ജെ. ജോസഫി​ന്റെ ആത്മകഥ 'അറ്റുപോകാത്ത ഓർമ്മകൾ' ഇന്ന് വായനാലോകത്തെത്തും.

ജീവിതത്തിൽ പലതും നഷ്ടപ്പെട്ട ഒരു മനുഷ്യായുസിന് സഹിക്കാവുന്നതിലുമധികം ദുഃഖം നെഞ്ചിലേറ്റു വാങ്ങിയ ജോസഫ് തന്റെ ജീവിതാനുഭവങ്ങളെ ഇടതുകൈകൊണ്ടാണ് എഴുതി പൂർത്തീകരിച്ചത്. കോഴിക്കോട് മറൈൻ ഗ്രൗണ്ടിൽ നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിലാണ് പ്രകാശനം. തുടർന്ന് പ്രൊഫ. ടി.ജെ. ജോസഫുമായി സംവാദവും സംഘടിപ്പിച്ചിട്ടുണ്ട്. തീവ്രവാദ അക്രമണത്തെ തുടർന്ന് ഇന്നും രണ്ട് പൊലീസുകാരുടെ കാവലിൽ മൂവാറ്റുപുഴയിലെ വീട്ടിൽ കഴിയുകയാണ് തൊടുപുഴ ന്യൂമാൻ കോളേജിൽ മലയാളം വകുപ്പ് മേധാവിയായിരുന്ന ഈ 62കാരൻ. ഒപ്പം അമ്മയുമുണ്ട്.

ഇടതുകൈ കൊണ്ടാണ് എല്ലാം ചെയ്യുന്നത്. പ്രൊഫ. ജോസഫ് മതവിശ്വാസത്ത വ്രണപ്പെടുത്തുന്ന തരത്തിൽ ചോദ്യപേപ്പർ തയ്യാറാക്കിയെന്നാരോപിച്ചായിരുന്നു മത തീവ്രവാദികൾ വലതു കൈപ്പത്തി വെട്ടി മാറ്റിയത്. 2010 ജൂലായ് 4ന് പള്ളിയിൽ നിന്ന് പ്രാർത്ഥന കഴിഞ്ഞ് മടങ്ങുമ്പോൾ അമ്മയുടെയും സഹോദരിയുടെയും മകന്റെയും കൺമുന്നിൽ വച്ചായിരുന്നു ദാരുണസംഭവം. കൈപ്പത്തി വെട്ടി മാറ്റിയതിലും വലിയ വേദനയാണ് ജീവിതത്തിൽ പിന്നീട് പ്രൊഫ. ജോസഫിന് സഹിക്കേണ്ടി വന്നത്.

കോടതി കുറ്റവിമുക്തനാക്കിയിട്ടും മാനേജ്‌മെന്റ് കനിയാത്തതിനാൽ അദ്ധ്യാപനത്തിനായി കലാലയത്തിലെത്താൻ അദ്ദേഹത്തിനായത് 4 വർഷത്തിന് ശേഷം 2014ലാണ്. അതും ജീവിതത്തിൽ സഹയാത്രികയായിരുന്ന ഭാര്യ ശലോമിയുടെ ആത്മഹത്യയ്ക്കുശേഷം ഒരു ദിവസം മാത്രം. വലതുകൈക്ക് സ്വാധീനം ഇല്ലാതായിട്ടും തളരാത്ത അദ്ധ്യാപകന്റെ മനസിനെ ഏറെ വേദനി​പ്പി​ക്കുന്നതായിരുന്നു ഭാര്യയുടെ അപ്രതീക്ഷിത മരണം. ജീവിത പ്രതിസന്ധിയും ക്ലേശങ്ങളും താങ്ങാനാകാതെ ശലോമി ആത്മഹത്യ ചെയ്തപ്പോഴും മകളുടെ ഉറപ്പിച്ച വിവാഹം സാമ്പത്തിക ബുദ്ധിമുട്ടുമൂലം മാറിപ്പോയപ്പോഴും വിധിയോട് മല്ലിടാനായിരുന്നു ജോസഫിന്റെ തീരുമാനം.