കോഴിക്കോട്: ഓൾഡ് ഫിലിം ലവേഴ്‌സ് അസോസിയേഷന്റെ (ഒഫ്‌ല) കോഴിക്കോടിന്റെ സിനിമകൾ എന്നപേരിൽ ജനുവരി 20, 21, 22 തിയതികളിൽ ടൗൺഹാളിൽ ചലച്ചിത്രോത്സവം നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
20ന് രാവിലെ 11ന് മുക്തി, 2.30ന് ഗോഡ്ഫാദർ, 6.30ന് ഫുട്ബാൾ ചാമ്പ്യൻ, 21ന് രാവിലെ 9.30ന് അനശ്വരം, 12ന് ഇന്നല്ലെങ്കിൽ നാളെ, 2.30ന് ഈ നാട്, 6.30ന് സിദ്ധാർഥ, 22ന് രാവിലെ 9.30ന് വെള്ളാനകളുടെ നാട്, 12ന് ധ്വനി, 2.30ന് ഏയ് ഒട്ടോ, 6.30ന് ലിസ എന്നിവയാണ് പ്രദർശിപ്പിക്കുക.
20ന് വൈകീട്ട് അഞ്ചിന് നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനം എഴുത്തുകാരൻ വി.ആർ. സുധീഷും, 21ന് വൈകീട്ട് അഞ്ചിന് നടക്കുന്ന സ്മരണാഞ്ജലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിയും 22ന് വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം ഡോ. എം.കെ. മുനീർ എം.എൽ.എയും ഉദ്ഘാടനം ചെയ്യും.
കോഴിക്കോടിന്റെ സാംസ്കാരികത സംബന്ധിച്ച ഫോട്ടാ പ്രദർശനവും മേളയുടെ ഭാഗമായി നടക്കും. സ്വാഗതസംഘം ചെയർമാൻ കമാൽ വരദൂർ, ജനറൽ കൺവീനർ പി. നവാസ്, പി. കിഷൻചന്ദ്, എ. ജയകൃഷ്ണൻ, കെ. രവീന്ദ്രൻ നമ്പ്യാർ, പി.എ. ദിവാകരൻ, കെ. സത്യനാഥ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.