കോഴിക്കോട്: പൾസ് പോളിയോ ഇമ്മ്യൂണൈസേഷന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ എട്ട് മണിക്ക് കോട്ടപ്പറമ്പ് ആശുപത്രിയിൽ ജില്ലാ കളക്ടർ സാംബശിവ റാവു നിർവ്വഹിക്കും. ബൂത്ത് തലത്തിലും, പഞ്ചായത്ത്, ബ്ലോക്ക്, മുനിസിപ്പൽ, കോർപ്പറേഷൻ തലത്തിലും ജനപ്രതിനിധികൾ ഉദ്ഘാടനം ചെയ്യും. റോട്ടറി, ഇന്ത്യൻ പീഡിയാട്രിക് അസോസിയേഷൻ, സാമൂഹ്യനീതി വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ത്രിതല പഞ്ചായത്തുകൾ, ജില്ലാ ഭരണകൂടം എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
അഞ്ച് വയസ്സുവരെ പ്രായമുള്ള 2,28768 കുട്ടികൾക്കാണ് ജില്ലയിൽ പോളിയോ തുള്ളിമരുന്ന് നൽകുക. അംഗൻവാടികൾ, ആരോഗ്യ ഉപകേന്ദ്രങ്ങൾ, കുടുംബാരോഗ്യകേന്ദ്രങ്ങൾ, സർക്കാർ ആശുപത്രികൾ, സ്വകാര്യ ആശുപത്രികൾ, ബസ് സ്റ്റാന്റുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ ബൂത്ത് ഒരുക്കിയിട്ടുണ്ട്. ട്രാൻസിറ്റ് ബൂത്തുകളും,മൊബൈൽ ബൂത്തുകളും ഉൾപ്പെടെ 2304 ബൂത്തുകൾ ഞായറാഴ്ച പ്രവർത്തിക്കും.