ബാലുശ്ശേരി: വിത്തും കൈക്കോട്ടും, നെല്ലും വയലും മറന്നു കൊണ്ടിരിക്കുന്ന മലയാളികൾക്ക് ഒരോർമ്മപ്പെടുത്തലായിരുന്നു പുത്തൂർ വട്ടം മാതോത്ത് വയലിലെ കൊയ്ത്തുത്സവം. പേന പിടിക്കുന്ന കൈകളിൽ അരിവാളുമായി വിദ്യാർത്ഥികൾ പാടത്ത് ഇറങ്ങിയപ്പോൾ പ്രദേശം ഉത്സവ ലഹരിയിലായി.
വിത്തിട്ടാൽ കൊയ്തെടുക്കാൻ ആളെ കിട്ടാത്ത ഈ കാലത്ത് ബാലുശ്ശേരി ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വളണ്ടിയർമാരാണ് പാടത്തേക്കിറങ്ങിയത്.
ഒപ്പം നാട്ടുകാരും ചേർന്ന് കൊയ്ത്തുത്സവം കെങ്കേമമാക്കി. യുവ കർഷകരായ ശ്യാം രാജ് പുത്തൂർ വട്ടം, സജിത്ത്കുമാർ.വി .സി .പുത്തൂർ വട്ടം എന്നിവർ സംയുക്തമായി കൃഷി ചെയ്ത വയലിലാണ് വിദ്യാർത്ഥികൾ കൊയ്ത്തുപാട്ടും പാടി ഇറങ്ങിയത്.
നാട്ടുകാരോടൊപ്പം കൊയ്തെടുത്തവ കറ്റകളാക്കി കെട്ടിവെച്ചപ്പോൾ പലരുടേയും മനസ്സിൽ പോയ കാലത്തെ ഓർമ്മകൾ . വിദ്യാർത്ഥികൾക്ക് കൃഷിയോടുള്ള താല്പര്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പഞ്ചായത്തിലെ മികച്ച കർഷകനായ ശശികുമാർ മാണിയോട്ട് കൃഷിയെപ്പറ്റി വിദ്യാർത്ഥികൾക്ക് ക്ലാസ്സ് എടുത്തു. ഫൈസൽ ബാലുശ്ശേരി, കെ.പി.മനോജ് കുമാർ, എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ രാജേഷ് മാസ്റ്റർ, ജിത ടീച്ചർ, ഭരതൻ പുത്തൂർ വട്ടം, വി.സി.ഖാദർ ,ഷിംജു പുതുശ്ശേരി, ബിജീഷ് .ടി.വി. എന്നിവർ നേതൃത്വം നല്കി.