കോഴിക്കോട് : കുതിരവട്ടം ദേശപോഷിണി വായനശാലയ്ക്ക് സമീപം മൈലാമ്പാടി മുൻ പട്ടികജാതി കോളനിയിൽ ശ്രീ ഗുരു ഭുവനേശ്വരി കുറുംബ ഭഗവതി കാവിലെ പ്രതിഷ്ഠകളും ഗുളികൻ തറകളും പുലർച്ച അജ്ഞാതസംഘം ജെ.സി ബി ഉപയോഗിച്ച് ഇടിച്ച് തകർത്ത സംഭവത്തിൽ പട്ടികജാതി/ വർഗ സംരക്ഷണ സമിതി സൗത്ത് മേഖലാ കമ്മിറ്റി പ്രതിഷേധിച്ചു.

വർഷങ്ങൾക്ക് മുമ്പ് പട്ടികജാതി കോളനിയായ മൈലാമ്പാടിയിലെ ഈ പ്രദേശം കോളനിവാസികൾ എല്ലാവരും വിറ്റുപോയെങ്കിലും കാവും പരിസരവുമടങ്ങുന്ന സ്ഥലം നിലനിർത്തി കൊണ്ടു ചൊവ്വ, വെള്ളി ദിവസങ്ങളിൽ മുഖ്യകർമ്മി സുധീറിന്റെ കാർമ്മികത്വത്തിൽ വിളക്ക് തെളിയിക്കലും പൂജയും നടക്കുന്നുണ്ട്.

പ്രധാന റോഡിനോട് അഭിമുഖമായിട്ടുള്ള ഒരു സെന്റിനടുത്തുള്ള കാവും പരിസര സ്ഥലവും സമീപ സ്ഥല ഉടമകളിൽ ചിലർ അരകോടി രൂപ വരെ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും കാവ് ഭാരവാഹികൾ വിട്ടു നൽകിയില്ല.

ഇന്ന് പ്രതിഷ്ഠാദിന മഹോത്സവം നടക്കാനിരിക്കെയാണ് കാവ് ജെ.സി.ബി.ഉപയോഗിച്ച് നശിപ്പിച്ചത്. നോർത്ത് അസി. പൊലീസ് കമ്മീഷണർ അടക്കമുള്ളവർ സ്ഥലം സന്ദർശിക്കുകയും കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്.

കൊളത്തൂർ ആശ്രമം മഠാധിപതി ചിദാനന്ദപുരി സ്വാമി , പട്ടികജാതി / വർഗ സംരക്ഷണ സമിതി രക്ഷാധികാരി സതീഷ് പാറന്നൂർ, സംസ്ഥാന ഖജാൻജി പി.ബി.ശ്രീധരൻ എന്നിവർ കാവ് സന്ദർശിച്ചു.