സുൽത്താൻ ബത്തേരി: കണ്ണൂർ വിമാനത്താവളത്തിനുവേണ്ടി മൈസൂറിലേക്ക് പുതിയ ബദൽ പാതകൾ കൊണ്ടുവന്ന് ദേശീയപാത 766 അടച്ചുപൂട്ടിക്കാനും നഞ്ചൻകോട്-നിലമ്പൂർ റെയിൽപാത അട്ടിമറിക്കുന്നതിനും നടത്തുന്ന ശ്രമങ്ങൾക്ക് എതിരെ ബത്തേരിയിൽ നീലഗിരി-വയനാട് എൻ.എച്ച് ആൻഡ് റെയിൽവേ ആക്ഷൻ കമ്മറ്റി പ്രതിഷേധ ധർണ്ണ നടത്തി.
സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ നിർദ്ദേശിക്കാനായി തയ്യാറാക്കിയ സത്യവാങ്മൂലത്തിൽ മൂന്ന് ബദൽപാതകൾ ചൂണ്ടിക്കാണിച്ചിരിക്കുകയാണ്. ഇതിൽ മാനന്തവാടി-ബാവലി- മൈസൂർറോഡ് ബദൽപാതയായി കേരള സർക്കാർ തത്വത്തിൽ അംഗീകരിച്ച് കേന്ദ്ര സർക്കാറിന്റെ അനുമതിക്കായി സമർപ്പിക്കുകയും വിശദമായ പദ്ധതിരേഖ തയ്യാറാക്കുകയും ചെയ്തതായും മുഖ്യമന്ത്രിയുടെ ഓഫീസ് തയ്യാറാക്കിയ കരട് സത്യവാങ്മൂലത്തിൽ പറയുന്നു.
കടുവാ സങ്കേതത്തിലൂടെ പോകുന്നതിനാൽ ദേശീയപാത 766ന് പകരമായി പുതിയ പാത വികസിപ്പിക്കുന്നത് സംബന്ധിച്ച് സത്യവാങ്മൂലം ഫയൽ ചെയ്യാൻ കേന്ദ്ര വനം പരിസ്ഥിതി വകുപ്പിനോട് സുപ്രീംകോടതി നിർദ്ദേശിച്ചതിന്റെ മറവിലാണ് സംസ്ഥാന സർക്കാർ മൂന്ന് ബദൽപാതകൾ നിർദ്ദേശിച്ചത്. സുപ്രീംകോടതിയുടെ മുൻ ഉത്തരവ് ദുരുപയോഗം ചെയ്ത് ബദൽപാതയ്ക്ക് അനുകൂലമാക്കുന്ന സാഹചര്യത്തിലാണ് ആക്ഷൻ കമ്മറ്റി ധർണ്ണ നടത്തിയത്. ഒരു ലോബി മുഖ്യമന്ത്രിയുടെ ഓഫീസിനെ സ്വാധീനിച്ച് ബദൽപാതയ്ക്കുവേണ്ടി കുതന്ത്രങ്ങൾ മെനയുകയാണെന്ന് ആക്ഷൻ കമ്മറ്റി ആരോപിച്ചു.
ധർണ്ണ ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബദൽ പാത നിർദ്ദേശം ഒരു കാരണവശാലും അംഗീകരിക്കാനാവില്ല എന്ന് അദ്ദേഹം വ്യക്തമാക്കി. പിഴവുകൾ വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ ഒരു നടപടിയും ഉണ്ടാവുന്നില്ല എന്നത് സംശയാസ്പദമാണ്. സുപ്രീംകോടതിയിൽ സമർപ്പിക്കാൻ സത്യവാങ്മൂലം തയ്യാറാക്കിയശേഷം എം.എൽ.എമാരോട് നിർദ്ദേശം സമർപ്പിക്കാൻ ആവശ്യപ്പെടുന്നത് സുപ്രീംകോടതിയിൽനിന്ന് പ്രതികൂല ഉത്തരവുണ്ടായാൽ എം.എൽ.എമാരുടെമേൽ പഴി ചാരുന്നതിനുവേണ്ടിയാണ്.
അഡ്വ:പി.വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. കെ.എൽ.പൗലോസ്, അഡ്വ:ടി.എം.റഷീദ്, വി.മോഹനൻ, പി.പി.അയൂബ്, ലക്ഷ്മണൻ, പി.വൈ.മത്തായി, കെ.ഷെരീഫ്, സി.കെ.ഹാരിഫ്, പ്രശാന്ത് മലവയൽ, കെ.പി.യൂസഫ് ഹാജി, വർഗ്ഗീസ്, കരുണാകരൻ ചെട്ടി, മോഹനൻ നവരംഗ് എന്നിവർ പ്രസംഗിച്ചു.