അദാലത്തിൽ 70 പരാതികൾ

കൽപ്പറ്റ: പൊലീസിനെ കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ ജില്ലയിലെ നേരിട്ടെത്തി പരാതികൾ സ്വീകരിച്ചു. ജില്ലാ ആസൂത്രണ ഭവനിൽ നടന്ന സംസ്ഥാന പൊലീസ് മേധാവിയുടെ അദാലത്തിൽ 70 പരാതികൾ ലഭിച്ചു.

ആദിവാസി മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ, കുടുംബപ്രശ്നങ്ങൾ, സ്വത്ത് തർക്കം, വഴിത്തർക്കം, ദുരൂഹ സാഹചര്യത്തിലുളള മരണങ്ങളുടെ പുനരന്വേഷണം, ജനങ്ങളുടെ സ്വൈര്യജിവിതത്തെ ബാധിക്കുന്ന മറ്റ് പൊതു വിഷയങ്ങൾ എന്നിവയാണ് ലഭിച്ച പരാതികളിലെറെയും.

പൊലീസ് ആസ്ഥാനത്ത് നിന്ന് പരിഹരിക്കേണ്ടവ ഒഴികെയുളളവയിൽ നടപടിയെടുക്കാൻ ജില്ലാ പൊലീസ് മേധാവിക്ക് ലോക്‌നാഥ് ബഹ്റ നിർദ്ദേശം നൽകി.

ദൂരെയിടങ്ങളിൽ നിന്നുളള പൊതുജനങ്ങൾക്ക് ഡി.ജി.പിയെ നേരിൽ കണ്ട് പരാതികൾ സമർപ്പിക്കാനുളള ബുദ്ധിമുട്ട് മനസിലാക്കിയാണ് ജില്ലാതലങ്ങളിൽ പൊലീസ് അദാലത്ത് നടത്തുന്നത്. പരാതികൾ നേരിട്ട് സ്വീകരിക്കുന്നതു വഴി ജനങ്ങളും പൊലീസും തമ്മിലുളള ബന്ധം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.
ആദിവാസി മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച പരാതികളിൽ പൊലീസ് അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഡി.ജി.പി പറഞ്ഞു. ഗോത്ര വിഭാഗങ്ങൾക്കെതിരെയുള്ള ചൂഷണങ്ങൾക്ക് കടുത്ത നടപടിയെടുക്കും. സമയബന്ധിതമായി പരിഹരിക്കാൻ നടപടികളെടുത്താൽ കോളനികൾ കേന്ദ്രീകരിച്ചുളള ബാഹ്യ ഇടപടലുകൾ ഒഴിവാക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ട്രൈബൽ കോളനികളിലെ വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗം കുറയ്ക്കാനുളള ബോധവൽക്കരണ നടപടികൾ ജനമൈത്രി പൊലീസ് ഊർജ്ജിതപ്പെടുത്തും.

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുക്കുന്ന പരാതികളിൽ പൊലീസ് ഗൗരവ നടപടികൾ സ്വീകരിക്കും. ആചാരങ്ങളുടെ ഭാഗമായി വിവാഹം കഴിച്ച ശേഷം ആദിവാസി യുവാക്കൾ പോക്‌സോ കേസുകളിൽപ്പെട്ട് ജയിലിൽ പോകേണ്ടി വരുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. നിയമപരവും സാമൂഹികവുമായ വിഷയമാണിത്. ഇതുസംബന്ധിച്ച് പ്രശ്ന പരിഹാരത്തിന് നിയമ ഭേദഗതി ആവശ്യമാണ്. ആദിവാസി മേഖലകളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് ഉന്നത സമിതിക്ക് രൂപം നൽകിയിട്ടുണ്ടെന്നും സമിതിയുടെ യോഗം ഫെബ്രുവരി 1 ന് ജില്ലയിൽ ചേരുമെന്നും ഡി.ജി.പി പറഞ്ഞു.

അദാലത്തിൽ കണ്ണൂർ റേഞ്ച് ഡി.ഐ.ജി കെ.സേതുരാമൻ, ക്രെം ബ്രാഞ്ച് എസ്.പി ഡോ.എ.ശ്രീനിവാസൻ, ജില്ലാ പൊലീസ് മേധാവി ആർ.ഇളങ്കോ, ഡിവൈ.എസ്.പിമാർ, സ്റ്റേഷൻ ഹൗസ് ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.