മാനന്തവാടി: വെള്ളമുണ്ടയിൽ സ്‌കൂൾ മാനേജ്‌മെന്റ് ജാതീയ വിവേചനം കാട്ടിയതായി ആദിവാസി വിഭാഗത്തിൽപ്പെട്ട അദ്ധ്യാപികയുടെ പരാതി. പരാതി പട്ടികവർഗ വകുപ്പ് മന്ത്രിക്കും എംഎൽഎയ്ക്കും നൽകി.

2017 മുതൽ വെള്ളമുണ്ട എ.യു.പി സ്‌കൂളിൽ ജോലിചെയ്യുന്ന ഉഷ എന്ന അദ്ധ്യാപികയാണ് തന്നെ മാനേജ്‌മെന്റ് ജാതിവിവേചനം കാട്ടി നിരന്തരം അപമാനിക്കുന്നതായി പട്ടികവർഗ്ഗ മന്ത്രി എ കെ ബാലനും മാനന്തവാടി എം.എൽ.എ കേളുവിനും പരാതി നൽകിയത്.

ജൂലൈ പത്താം തീയതി നടന്ന അദ്ധ്യാപകരുടെയും മാനേജ്‌മെന്റ് പ്രതിനിധികളുടെയും യോഗത്തിൽ നിന്ന് തന്നെ മാനേജർ ഇറക്കിവിട്ടതായി ഈ പരാതിയിൽ പറയുന്നു. അദ്ധ്യാപകദിനത്തിൽ അദ്ധ്യാപകരെ ആദരിക്കുന്ന പരിപാടിയിൽ നിന്ന് തന്നെ മനപ്പൂർവ്വം മാറ്റിനിർത്താൻ ശ്രമം ഉണ്ടാവുകയും ഒടുവിൽ അദ്ധ്യാപകരുടെ സമ്മർദ്ദത്തെത്തുടർന്നാണ് തന്നെ പരിപാടിയിൽ പങ്കെടുപ്പിച്ചതെന്നും ഇവർ പരാതിയിൽ പറയുന്നു

ജനുവരി 2 ന് നടന്ന ജീവനക്കാരുടെ വിനോദ യാത്രയിൽ തന്നെ പങ്കെടുപ്പിക്കാത്തത് ജാതിപരമായ വിവേചനം ആണെന്നും ഇവർ പറയുന്നു.
ഇതിനെല്ലാം കാരണം താൻ ആദിവാസി വിഭാഗത്തിൽ പെട്ട അദ്ധ്യാപികയാണെന്നതാണെന്നും ഇതുകാരണം താൻ വലിയ മാനസിക വിഷമത്തിൽ ആണെന്നും ഇനിയൊരാൾക്കും ഇത്തരം അനുഭവം ഉണ്ടാകാത്ത രീതിയിൽ നടപടിയെടുക്കണമെന്നുമാണ് പരാതിയിൽ അദ്ധ്യാപിക ആവശ്യപ്പെടുന്നത്.