മാനന്തവാടി: പഞ്ചായത്ത് മാറി നഗരസഭ ആയിട്ട് നാല് വർഷം കഴിഞ്ഞിട്ടും പ്രഥമ പരിഗണന നൽകേണ്ട ശൗചാലയ നിർമ്മാണത്തിൽ മാനന്തവാടി നഗരസഭാ ഭരണാധികാരികൾ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് പ്രതീകാത്മക ശൗചാലയ സമരവുമായി മാനന്തവാടി വികസന സമിതി. റിപ്പ്ബ്ളിക്ക് ദിനത്തിൽ നഗരസഭയ്ക്ക് മുമ്പിൽ പ്രതീകാത്മക ശൗചാലയം നിർമ്മിച്ച് പ്രതിഷേധിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പതിറ്റാണ്ടുകൾക്ക് മുമ്പ് മാനന്തവാടി ബസ്‌റ്റാൻഡ് നിർമ്മിച്ചപ്പോഴുള്ള ശൗചാലയവും ഗാന്ധിപാർക്കിലെ ഒരു മുറിയിലെ ശൗചാലയവുമാണ് ഇന്നും മാനന്തവാടിയിൽ എത്തുവർക്ക് പ്രാഥമിക കർമ്മങ്ങൾ നിർവ്വഹിക്കാനുള്ള ഏക ആശ്രയം. സ്ത്രീകൾക്കായി കേവലം മൂന്ന് ശൗചാലയങ്ങൾ മാത്രമാണ് മാനന്തവാടിയിലുള്ളത്. ഈ സാഹചര്യത്തിൽ നഗരസഭ അധികൃതരോട് പലവട്ടം ആവശ്യപ്പെട്ടിട്ടും ശുചിമുറികൾ നിർമ്മിക്കുന്ന കാര്യത്തിൽ നടപടി ഉണ്ടാവാത്ത സാഹചര്യത്തിലാണ് പ്രതീകാത്മക സമരം നടത്തുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
മാനന്തവാടി മട്ടന്നൂർ നാലുവരി പാത നടപ്പിലാക്കി മാനന്തവാടിയുടെ വികസന സ്വപ്നം യാഥാർത്ഥ്യമാക്കണമെന്നും, മാനന്തവാടിയിലെ ഫയർസ്റ്റേഷൻ എത്രയും വേഗം മാറ്റി സ്ഥാപിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
വാർത്താസമ്മേളനത്തിൽ വികസന സമിതി ഭാരവാഹികളായ ഇ.ജി.ജോസഫ് ബെസി പാറയ്ക്കൽ, അഡ്വ. പി.ജെ.ജോർജ്ജ്, സൂപ്പി പള്ളിയാൽ, ജിൻസ് ഫാന്റസി തുടങ്ങിയവർ പങ്കെടുത്തു.