img202001
ഇരട്ട കൊലക്കേസ് പ്രതിയെ ക്രൈം ബ്രാഞ്ച് സംഘം തെളിവെട്ടപ്പിന് അഗസ്ത്യൻ മുഴി കടവ് പാലത്തിൽ എത്തിച്ചപ്പോൾ

മുക്കം: സ്വത്തിനു വേണ്ടി അമ്മയെ കൊലപ്പെടുത്തുകയും വിവരം പുറത്തറിയാതിരിക്കാൻ അമ്മയുടെ കൊലയിലെ പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം കൊത്തി നുറുക്കി പല സ്ഥലത്ത് കൊണ്ടുപോയി തള്ളുകയും ചെയ്ത കേസിലെ പ്രതി പി.വി ബിർജുവിനെ ക്രൈംബ്രാഞ്ച് സംഘം ഇന്നലെയും മണാശ്ശേരിയിലും അഗസ്ത്യൻമുഴിയിലും എത്തിച്ചു തെളിവെടുപ്പ് നടത്തി.

മണാശ്ശേരി അങ്ങാടിക്കും ഗവ. യു പി സ്കൂളിനും ഇടയിൽ റോഡരുകിലെ പറമ്പിലാണ് മൃതദേഹം കൊത്തിനുറുക്കാൻ ഉപയോഗിച്ച കത്തി ഉപേക്ഷിച്ചതെന്ന പ്രതിയുടെ മൊഴി കണക്കിലെടുത്ത് പറമ്പിൽ ഏറെ നേരം വിശദമായി തിരച്ചിൽ നടത്തിയെങ്കിലും കത്തി കണ്ടെടുക്കാൻ കഴിഞ്ഞില്ല. കൊല്ലപ്പെട്ട ഇസ്മയിലിന്റെ മൃതദേഹം കഷണങ്ങളാക്കി ചാക്കിൽ കെട്ടി വാഹനത്തിൽ കൊണ്ടുപോയി ഇരുവഞ്ഞിപുഴയിൽ എറിഞ്ഞ അഗസ്ത്യൻ മുഴി കടവ് പാലത്തിലും പ്രതിയെ കൊണ്ടുപോയി തെളിവെടുപ്പു നടത്തി.

എന്നാൽ കൈകാലുകളും തലയുമില്ലാത്ത ശരീരഭാഗം ഉപേക്ഷിച്ച തൊണ്ടിമ്മൽ തിരുവമ്പാടി റബ്ബർ തോട്ടത്തിൽ ശനിയാഴ്ച പോയില്ല. ഇവിടെ തിങ്കളാഴ്ച തെളിവെടുപ്പു നടത്തും. ഇരട്ടക്കൊലയിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്ന അന്വേഷണവും നടത്തേണ്ടതുണ്ട്. അന്വേഷണത്തിനു നേതൃത്വം നൽകുന്ന ക്രൈംബ്രാഞ്ച് ഡിവൈ എസ് പി എം ബിനോയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെയും പ്രതിയെ തെളിവെടുപ്പിന് എത്തിച്ചത്.