കോഴിക്കോട്: മാവോയിസ്റ്റ് കേസിൽ അറസ്റ്റിലായ അലൻ ഷുഹൈബിന്റെ അമ്മയ്ക്ക് ഫേസ്ബുക്കിലൂടെ മറുപടിയുമായി സി.പി.എം നേതാവ് പി.ജയരാജൻ. അലൻ എസ്.എഫ്.ഐ നേതാവാണെന്ന് താൻ പറഞ്ഞിട്ടില്ലെന്നും പാർട്ടി മെമ്പറായിരുന്നുകൊണ്ട് മറ്റൊരു പ്രസ്ഥാനത്തിനു വേണ്ടി പ്രവർത്തിച്ചെന്നാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റ്:.മകൻ ജയിലിലുള്ള അമ്മയുടെ വികാരമായിക്കണ്ട് ഒന്നും പ്രതികരിക്കാതിരിക്കാനാണ് ആദ്യം ആലോചിച്ചത്.അലൻ എസ്.എഫ്.ഐ നേതാവായിരുന്നുവെന്ന് ഞാൻ പറഞ്ഞിട്ടില്ല.സി.പി.എം മെമ്പറായിരുന്നുകൊണ്ട് മറ്റൊരു പ്രസ്ഥാനത്തിന് വേണ്ടി രഹസ്യമായി പ്രവർത്തിച്ചെന്നാണ് സൂചിപ്പിച്ചത്. മാവോയിസ്റ്റുകളുടെ രേഖയിൽ പറഞ്ഞ ഫ്രാക്‌ഷൻ പ്രവർത്തനമാണിത്. അത് പറഞ്ഞത് പൊലീസ് റിപ്പോർട്ട് അടിസ്ഥാനമാക്കിയല്ല. പൊലീസെത്തിയപ്പോൾ ഓടി രക്ഷപ്പെട്ട മാവോയിസ്റ്റ്, അലൻ താമസിച്ചിരുന്ന മുറിയിലെത്തിയെന്നും രാത്രി അവിടെ താമസിച്ച് പുലർച്ചെ സ്ഥലം വിട്ടെന്നും സഹവിദ്യാർത്ഥികളിൽ നിന്നാണ് വിവരം ലഭിച്ചത് പാർട്ടി മെമ്പർ ചെയ്യാൻ പാടില്ലാത്ത കാര്യം ചെയ്തെന്നെങ്കിലും സമ്മതിക്കണം. എൻ.ഐ.എ ഏറ്റെടുത്ത കേസെന്ന നിലയിൽ കൂടുതൽ എഴുതി വിഷമിപ്പിക്കുന്നില്ല. സി.പി.എം പ്രവർത്തകരെയടക്കം യു.എ.പി.എ കേസിൽപ്പെടുത്തി പീഡിപ്പിക്കുന്ന സാഹചര്യത്തിൽ വിശേഷിച്ചും. മതനിരപേക്ഷമായി ജീവിക്കുന്ന അമ്മയ്ക്കും അച്ഛനും ആശംസകൾ.. മുസ്ലീം പേരുകാരായത് കൊണ്ടാണ് പ്രതികളാക്കപ്പെട്ടതെന്ന നുണ പ്രചരിപ്പിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ കെണിയിൽ വീഴാതിരിക്കാൻ അപേക്ഷ.