നാല് ദിവസത്തിനിടെ രണ്ടാമത്തെ കഞ്ചാവ് വേട്ട
കോഴിക്കോട്: ഒന്നേകാൽ കിലോ കഞ്ചാവുമായി വയനാട് മാനന്തവാടി കടയാട്ട് കണിയാങ്കണ്ടി മൻസൂർ (30) അറസ്റ്റിലായി. ഇടനിലക്കാർക്ക് എത്തിക്കാനായി ബൈക്കിൽ കടത്തുന്നതിനിടെയാണ് യുവാവ് പൊലീസിൻറെ പിടിയിലായത്. കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ബെംഗളൂരുവിലുള്ള സുഹൃത്ത് വഴിയാണ് കഞ്ചാവ് വാങ്ങിക്കുന്നതെന്നും കോഴിക്കോട് ജില്ലയിലെ ചില്ലറ വില്പനക്കാർക്ക് കൈമാറുകയായിരുന്നു ലക്ഷ്യമെന്നും പ്രതി ചോദ്യംചെയ്യലിൽ മൊഴി നൽകി. നാല് ദിവസത്തിനിടെ രണ്ടാംതവണയാണ് കുന്ദമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിൽ കഞ്ചാവ് പിടികൂടുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച പത്ത് കിലോയിലധികം കഞ്ചാവുമായി ആരാമ്പ്രം സ്വദേശിയെ അറസ്റ്റ് ചെയ്തിരുന്നു.
കോഴിക്കോട് - വയനാട് ഹൈവേ കേന്ദ്രീകരിച്ച് രാത്രി ലഹരിമാഫിയ സജീവമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സിറ്റി പൊലീസ് ചീഫ് എ.വി ജോർജ്ജിന്റെ നിർദ്ദേശത്തെത്തുടർന്ന് ലഹരിവിരുദ്ധ സ്‌പെഷൽ സ്‌ക്വാഡിന്റെയും ലോക്കൽ പോലീസിന്റെയും നേതൃത്വത്തിൽ പട്രോളിംഗ് ശക്തമാക്കിയിരുന്നു. ശനിയാഴ്ച രാത്രി പട്രോളിംഗിനിടെ പൊലീസ് ജീപ്പ് കണ്ടതോടെ വെപ്രാളത്തിൽ കുന്ദമംഗലം പതിമംഗലത്തെ റോഡരികിൽ നിറുത്തിയിട്ടിരുന്ന ബൈക്ക് സ്റ്റാർട്ട് ചെയ്ത് പോകാൻ ശ്രമിച്ച യുവാവിനെ തടഞ്ഞു നിറുത്തി. പരിശോധനയിൽ ജായ്ക്കറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 1.240 കിലോഗ്രാം കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു.
ജില്ലയിൽ ലഹരിഉപയോഗം തടയാൻ ജില്ലാ ലഹരി വിരുദ്ധ സ്‌പെഷൽ സ്‌ക്വാഡിന്റെ (ഡൻസാഫ്) നേതൃത്വത്തിൽ പൊലീസ് കടുത്ത നടപടികൾ സ്വീകരിച്ചുവരുന്നുണ്ടെന്നും പ്രതിയിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ലഹരിമാഫിയയ്ക്കെതിരെ ശക്തമായ തുടർനടപടികളുണ്ടാവുമെന്നും നാർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ പി.സി.ഹരിദാസ് പറഞ്ഞു.
കുന്ദമംഗലം എസ്.ഐ ടി.എസ്.ശ്രീജിത്ത്, എ.എസ്.ഐ അബ്ദുൾ മുനീർ, ഡ്രൈവർ സി.പി.ഒ ധന്യേഷ്. ടി ഹോംഗാർഡ് ഗോപാലകൃഷ്ണൻ ഡൻസാഫ് സ്‌ക്വാഡ് അംഗങ്ങളായ അഖിലേഷ്.കെ, നവീൻ.എൻ, രജിത്ത് ചന്ദ്രൻ, ജിനേഷ്.എം, സുമേഷ് എ.വി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.