rajan-

കോഴിക്കോട്: വിളി കേൾക്കാത്ത ലോകത്തേക്ക് ആര്യയുടെ അച്ഛൻ യാത്രയായി. പാഠപുസ്തകങ്ങൾ ഇനി എത്ര ഉറക്കെ വായിച്ചാലും ആര്യയ്ക്ക് അത് അച്ഛൻ രാജനെ കേൾപ്പിക്കാനാകില്ല. ഒരുപാട് സ്വപ്നം ഉള്ളിലൊതുക്കിയിരുന്ന അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു.

അച്ഛന്റെ നഷ്ടപ്പെട്ടുപോയ ഓർമ്മ തിരിച്ചു കിട്ടാൻ പാഠപുസ്തകങ്ങൾ ഉറക്കെ വായിച്ച് എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് സ്വന്തമാക്കിയ മകൾ ആര്യയുടെ നേട്ടം രാജൻ അറിഞ്ഞിരിക്കുമോ ?.. ഒരു പക്ഷേ അന്ന് അറിഞ്ഞില്ലെങ്കിൽ ഇപ്പോൾ അറിയുന്നുണ്ടാകും. ആകാശത്തെ നക്ഷത്രങ്ങൾക്ക് എല്ലാം കാണാനാകുമല്ലോ... ആര്യയെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലാത്ത അവസ്ഥയിലാണ് വീട്ടിലെത്തുന്നവരെല്ലാം.

കോട്ടയത്ത് ഓട്ടോയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റാണ് പാപ്പിനിവട്ടത്ത് പി.ആർ. രാജൻ (48) കിടപ്പിലായത്. 2018 ഡിസംബർ 25നായിരുന്നു സംഭവം. ഒരു വർഷത്തോളം തീർത്തും ഓർമ്മകളില്ലാത്ത ലോകത്തായിരുന്നു അദ്ദേഹം. രാജന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ നൽകി. കാര്യമായ ഫലം കാണാതെ വന്നതോടെ വീട്ടിലേക്ക് കൊണ്ടുപോയി. ഓർ‌മ്മകൾ തിരിച്ചു പിടിക്കാനായി ‌ഡോക്ടർമാർ നിർദ്ദേശിച്ചതിനുസരിച്ചാണ് ആര്യ പാഠപുസ്തകങ്ങൾ അച്ഛന്റെ കട്ടിലിന് സമീപത്തിരുന്ന് ഉറക്കെ വായിക്കാൻ തുടങ്ങിയത്. ഈ വായന രാജന്റെ ഓർമ്മകളിലേക്കുള്ള ഇറക്കമായെന്ന് പറയാനാവില്ലെങ്കിലും ആര്യയുടെ ജീവിതവിജയത്തിലേക്കുള്ള ആദ്യചവിട്ടുപടിയായിരുന്നു. എസ്.എസ്.എൽ.സിക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടി മിന്നുന്ന വിജയം സ്വന്തമാക്കി അവൾ. എന്നാൽ, ഒന്ന് മനസ്സറിഞ്ഞ് ചിരിക്കാൻ പോലും സാധിച്ചിരുന്നില്ല ആര്യയ്ക്ക്. മലാപ്പറമ്പ് ഗവ.വനിത പോളിടെക്നിക് കോളേജിന് സമീപത്തെ വാടകവീട്ടിൽ കഴിയുന്ന രാജന്റെ ചികിത്സയ്ക്കും മകൾ ആര്യയുടെ പഠനത്തിനും സഹായവുമായി നിരവധി പേരെത്തി.

ചികിത്സ തുടരുന്നതിനിടെ ആരോഗ്യസ്ഥിതി വഷളായി ഇന്നലെ രാവിലെ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. വൈകാതെ അന്ത്യം സംഭവിച്ചു. സംസ്‌കാരം ഇന്നലെ വൈകിട്ട് മാവൂർ റോഡ് ശ്മശാനത്തിൽ നടന്നു.

സ്വന്തം വീടെന്ന ആഗ്രഹം ബാക്കിവെച്ചാണ് രാജൻ യാത്രയായത്. പി.വി.സബിതയാണ് ഭാര്യ.