അമ്പായത്തോട്(കണ്ണൂർ): കൊട്ടിയൂർ അമ്പായത്തോട്ടിൽ ആയുധധാരികളായ മാവോയിസ്റ്റ് സംഘമെത്തി പ്രകടനം നടത്തി. ഒരു സ്ത്രീയും മൂന്നു പുരുഷന്മാരും അടങ്ങുന്ന സംഘം ഇന്നലെ രാവിലെ ആറോടെയാണ് പ്രകടനം നടത്തിയത്. ലഘുലേഖകൾ വിതരണം ചെയ്യുകയും പോസ്റ്ററുകൾ പതിക്കുകയും ചെയ്തു. അര മണിക്കൂറോളം സംഘം അമ്പായത്തോട് പരിസരത്തുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. .
കൊട്ടിയൂർ വന്യജീവി സങ്കേതത്തിലെ വഴിയിലൂടെയാണ് സംഘം ടൗണിൽ എത്തിയത്. തിരിച്ച് ആ വഴി തന്നെ പോവുകയും ചെയ്തു.മൂന്നു പേരുടെ കൈകളിൽ തോക്കുകൾ ഉണ്ടായിരുന്നു. കോട്ടയത്ത് നിന്നെത്തിയ സ്വകാര്യ ബസിലെയും അമ്പായത്തോട് നിന്ന് പുറപ്പെടുന്ന മറ്റൊരു സ്വകാര്യ ബസിലെയും ജീവനക്കാർക്ക് സംഘം ലഘുലേഖകൾ വിതരണം ചെയ്തു.
തങ്ങൾ മാവോയിസ്റ്റുകാരാണെന്ന് പരിചയപ്പെടുത്തുകയും ചെയ്തു. 31ന് നടത്തുന്ന ഭാരത് ബന്ത് വിജയിപ്പിക്കുക. അട്ടപ്പാടിയിൽ ചിന്തിയ രക്തത്തിന് പകരം വീട്ടുക, ഓപ്പറേഷൻ സമാധാൻ ജനങ്ങൾക്കെതിരായ യുദ്ധം പരാജയപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളാണ് പോസ്റ്ററിലും ലഘുലേഖയിലും ഉണ്ടായിരുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനെതിരേയും പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരേയും പോസ്റ്ററിൽ പരാമർശമുണ്ട്. കഴിഞ്ഞ ഡിസംബർ രണ്ടിന് കോളയാട് ചെക്യേരി കോളനിയിലും മാവോയിസ്റ്റ് സംഘമെത്തിയിരുന്നു. മലപ്പുറം, വയനാട് ജില്ലകളുടെ വിവിധ ഭാഗങ്ങളിലും കഴിഞ്ഞ ദിവസങ്ങളിലായി മാവോയിസ്റ്റ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.. കേളകം പൊലീസും തണ്ടർബോൾട്ടും പ്രദേശത്ത് തെരച്ചിൽ നടത്തി വരികയാണ്.