കോഴിക്കോട്: പ്ലാസ്റ്റിക് കവർ നിരോധനത്തിന്റെ പേരിൽ വ്യാപാരി സമൂഹത്തെ ദ്രോഹിച്ചാൽ കായികമായും പ്രതിരോധിക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മാറ്റിവച്ച പ്ലാസ്റ്റിക് കവറുകൾ പോലും പിടിച്ചെടുത്ത് ഫൈൻ ഈടാക്കാനാണ് അധികൃതർ ശ്രമിക്കുന്നത്. ദ്രോഹിക്കുന്ന നിലപാട് തുടർന്നാൽ പ്രതിരോധിക്കാതെ വഴിയില്ല. നേരത്തെ സെയിൽടാക്സ് അധികൃതർ കച്ചവടക്കാരെ മനഃപൂർവ്വം ബുദ്ധിമുട്ടിച്ചപ്പോൾ ചെറുത്തു നിന്ന് വിജയിച്ചിട്ടുണ്ടെന്നും ഏകോപന സമിതി ജനറൽ സെക്രട്ടറി കെ. സേതുമാധവൻ പറഞ്ഞു.
കടകളിൽ നിന്ന് പ്രിന്റ് ചെയ്ത കവറുകൾ ഒഴിവാക്കാൻ പോലും ഉദ്യോഗസ്ഥർ സാവകാശം നൽകുന്നില്ല. പ്ലാസ്റ്റിക് അല്ലാത്ത കവറുകൾ പോലും പ്ലാസ്റ്റിക് കലർന്നിട്ടുണ്ടെന്ന് പറഞ്ഞു പിടിച്ചെടുക്കുകയാണ്. ബദൽ മാർഗം ഒന്നും നിർദേശിക്കാതെയാണ് നടപടി. കേന്ദ്ര സർക്കാറും സംസ്ഥാന സർക്കാറും വ്യാപാരികളെ ദ്രോഹിക്കുന്നതിൽ മത്സരിക്കുകയാണെന്നും വ്യാപാരികൾ പറഞ്ഞു.
വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് നോർത്ത്-സൗത്ത് നിയോജക മണ്ഡലം സംയുക്ത സമ്മേളനത്തിന്റെ ഭാഗമായി വിളിച്ച വാർത്താ സമ്മേളനത്തിലാണ് അധികൃതർക്കെതിരെ ഏകോപന സമിതി നേതാക്കൾ ആഞ്ഞടിച്ചത്.
സമ്മേളനം നാളെ 4 മണിക്ക് മുതലക്കുളം മൈതാനിയിൽ നടക്കും. സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീൻ ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം 2.30 ന് വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ സിനിമാ നടൻ മാമുക്കോയ ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ സമിതി നേതാക്കളായ കെ. സേതുമാധവൻ, എ.വി.എം കബീർ, കെ. ഷാഹുൽ ഹമീദ്, കെ.പി. അബ്ദുൽ റസാഖ്, കെ.പി. മൊയ്തീൻ കോയ, എ.കെ. മൻസൂർ, സുഷൻ പൊറ്റക്കാട് എന്നിവർ പങ്കെടുത്തു.