കൽപ്പറ്റ: തൊവരിമല ഭൂസമരവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നേതാക്കൾക്ക് ജില്ലയി പ്രവേശിക്കുന്നതിന് ഉണ്ടായിരുന്ന വിലക്ക് നീക്കി. തൊവരിമല ഭൂസമരവുമായി ബന്ധപ്പെട്ട് 2019 ഏപ്രിൽ 24ന് സമരഭൂമിയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്ത് ഒരു മാസത്തോളം ജയിലിലടച്ച എം.പി. കുഞ്ഞിക്കണാരൻ, രാജേഷ് അപ്പാട്ട് എന്നിവർ വയനാട് ജില്ലയിൽ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ടും കെ.ജി. മനോഹരൻ മേപ്പാടി റേഞ്ചിൽ പ്രവേശിക്കുന്നത് തടഞ്ഞു കൊണ്ടുമുള്ള ജാമ്യവ്യവസ്ഥയിലെ ഉപാധികൾക്കെതിരെ സമർപ്പിച്ച ഹർജിയിലാണ് വിധി.
അറസ്റ്റ് ചെയ്യപ്പെട്ട നേതാക്കൾക്ക് കീഴ്‌ക്കോടതികൾ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ഒരു മാസത്തിന് ശേഷമാണ് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഹൈക്കോടതിയുടെ ജാമ്യ ഉത്തരവിലെ ഉപാധികൾ ദുർബലപ്പെടുത്തി കൊണ്ട് ജഡ്ജ് ആർ.നാരായണ പിഷാരടിയുടേതാണ് കഴിഞ്ഞദിവസത്തെ ഉത്തരവ്. ജാമ്യത്തിലിറങ്ങി 10 മാസമായിട്ടും ജില്ലയിലേക്കുള്ള പ്രവേശനം നിഷേധിക്കുന്ന ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥയിലെ ഉപാധികൾ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അഡ്വ. രാജേന്ദ്രൻ മുഖേന ഹൈക്കോടതി ബഞ്ചിൽ സമർപ്പിച്ച ഹർജിയിലാണ് ആവശ്യം അനുവദിച്ച് ഉത്തരവുണ്ടായത്.
തൊവരിമലയിലെ സർക്കാർ ഭൂമിയിൽ കഴിഞ്ഞ വർഷം ഏപ്രിൽ 21നാണ് ആദിവാസികൾ ഉൾപ്പെടെ ആയിരത്തോളം ഭൂരഹിതരായ കുടുംബങ്ങൾ പ്രവേശിച്ച് കുടിൽ കെട്ടി സമരമാരംഭിച്ചത്. ഹാരിസൺ മലയാളം പ്ലാന്റേഷനിൽ നിന്ന് 1970 ൽ സർക്കാർ ഏറ്റെടുത്ത ഭൂമിയാണിത്. അമ്പത് വർഷം കഴിഞ്ഞിട്ടും ഈ ഭൂമി ആദിവാസികൾ ഉൾപ്പെടെയുള്ള ഭൂരഹിതർക്ക് പതിച്ചു കൊടുക്കാത്ത സാഹചര്യത്തിലാണ് ഭൂസമര സമിതിയുടെ നേതൃത്വത്തിൽ ഭൂമിയിൽ കയറി അവകാശം സ്ഥാപിച്ചത്.
ഏപ്രിൽ 24ന് ആദിവാസി കുടുംബങ്ങളടക്കമുള്ളവരെ പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും ബലമായി കുടിയിറക്കി. അന്നു മുതൽ ഭൂസമര സമിതിയുടെ നേതൃത്വത്തിൽ ഭൂരഹിതരും ആദിവാസികളും ജില്ലാ കലക്ട്രേറ്റിനു മുന്നിൽ സമരം തുടരുകയാണ്.
ഭൂരഹിതർക്ക് ഭൂമി നല്കി സമരം അവസാനിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 22 ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് മാർച്ച് നടത്തുന്നത് ഉൾപ്പെടെ സമരം കൂടുതൽ ശക്തിപ്പെടുത്താനാണ് ഭൂസമര സമിതി തീരുമാനം.