കൽപ്പറ്റ: ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ സഹായത്തോടെ തദ്ദേശ സ്ഥാപനങ്ങൾ തയ്യാറാക്കുന്ന ദുരന്ത നിവാരണ പദ്ധതികൾക്ക് മാർച്ച് 14 നകം അംഗീകാരം നേടണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം നിർദ്ദേശിച്ചു. ജില്ലാ കളക്ടർ ഡോ.അദീല അബ്ദുളളയുടെ അദ്ധ്യക്ഷതയിൽ ജില്ലാ ആസൂത്രണ ഭവനിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശം. ജില്ലയുടെ ദുരന്ത നിവാരണ പദ്ധതി ഏറെ പ്രാധാന്യത്തോടെയാണ് സംസ്ഥാനതലത്തിൽ കാണുന്നത്. പഞ്ചായത്ത് തലത്തിൽ കൂടിയാലോചന യോഗം നടത്തി പരിശീലനം ലഭിച്ച ദുരന്ത നിവാരണ ഫെസിലിറ്റേറ്റർമാരുടെ സഹായത്തോടെ വിവര ശേഖരണം നടത്തണം. പ്രാദേശികമായ പ്രതിരോധ നടപടികൾ മനസ്സിലാക്കി വേണം പദ്ധതി തയ്യാറാക്കേണ്ടെതെന്നും യോഗം നിർദ്ദേശിച്ചു.
വരൾച്ച, കാട്ടുതീ എന്നിവ പ്രതിരോധിക്കുന്നതിനുളള നടപടികൾ സ്വീകരിക്കാനും യോഗം നിർദ്ദേശിച്ചു.
വരൾച്ചാ സാധ്യതയുളള പ്രദേശങ്ങളിൽ കുടിവെള്ള ലഭ്യത ഉറപ്പ് വരുത്തുന്നതിനുളള നടപടകൾ സ്വീകരിക്കണം. പൊതു കിണറുകളും ടാപ്പുകളും കുടിവെളള വിതരണത്തിന് യോഗ്യമാണെന്ന് ഉറപ്പാക്കണം. പ്രളയത്തിൽ തകർന്ന കുടിവെള്ള സ്രോതസ്സുകളുടെ നവീകരണം ഉടൻ പൂർത്തീകരിക്കണമെന്നും ജില്ലാ ആസൂത്രണ സമിതി നിർദേശിച്ചു.
കന്നുകാലികൾക്കും വിളകൾക്കും ലൈഫ് ഇൻഷൂറൻസ് ലഭ്യമാക്കുന്നത് സംബന്ധിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കണം.
ജില്ലയിലെ വിദ്യാലയങ്ങളുടെ നവീകരണത്തിന് പഞ്ചായത്തുകൾ പ്രത്യേകം ഊന്നൽ നൽകണം. സ്‌കൂൾ പരിസരങ്ങളിലെ ഉപയോഗ ശൂന്യമായ കെട്ടിടങ്ങൾ പൊളിച്ച് മാറ്റാനും സ്‌കൂൾ പരിസരത്ത് കൂടിക്കിടക്കുന്ന മരത്തടികൾ നീക്കം ചെയ്യുന്നതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് യോഗം നിർദ്ദേശം നൽകി.
ജില്ലയിലെ ചിലയിടങ്ങളിൽ മാവോയിസ്റ്റ് ഇടപെടലുകൾ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ കോളനികൾ കേന്ദ്രീകരിച്ച് നടത്തുന്ന വികസന പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തണമെന്ന് ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ള പറഞ്ഞു. ആദിവാസി കോളനികളിലേയ്ക്കുള്ള റോഡ് സഞ്ചാര യോഗ്യമാക്കുന്നതിന് ആവശ്യമായ നടപടികളെടുക്കണം. സ്വന്തം കെട്ടിടത്തിലല്ലാതെ പ്രവർത്തനം നടത്തുന്ന അംഗൻവാടികൾക്ക് സ്ഥലം കണ്ടെത്തി കെട്ടിട നിർമ്മാണം നടത്തണമെന്നും യോഗം നിർദേശിച്ചു.
വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഭേദഗതികൾ അംഗീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ജില്ലാ പ്ലാനിംഗ് ഓഫീസർ ഇൻചാർജ് സുഭദ്രാ നായർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.