കേരളം അഡീഷണൽ അഫിഡവിറ്റിന് സമയം ആവശ്യപ്പെട്ടു

സുൽത്താൻ ബത്തേരി: ദേശീയപാത നിരോധനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ ഇന്നലെ നടക്കാനിരുന്ന കേസ് വീണ്ടും നാല് ആഴ്ചത്തേക്ക് മാറ്റിവെച്ചു. വിശദമായ സത്യവാങ്ങ്മൂലം സമർപ്പിക്കുന്നതിനായി കേരളം നാല് ആഴ്ചത്തെ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതനുസരിച്ചാണ് കോടതി കേസ് പരിഗണിക്കുന്നത് നാല് ആഴ്ചത്തേക്ക് നീട്ടിയത്.

സുപ്രീം കോടതിയിൽ കേസ് പരിഗണനയ്ക്ക് വന്ന 2010 മുതൽ പല കാരണങ്ങളാൽ കേസ് മാറ്റിവെച്ചുവരുകയാണ്.
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം സമർപ്പിച്ച സത്യവാങ്ങ്മൂലത്തിന് അഭിപ്രായം അറിയിക്കാൻ സുപ്രീം കോടതി ആറാഴ്ച സമയം അനുവദിച്ചത് കഴിഞ്ഞദിവസം അവസാനിച്ചിരുന്നു. കേസ് ഇന്നലെ കോടതിയിൽ പരിഗണിക്കാനിരിക്കെയാണ് കേരളം അഡീഷണൽ അഫിഡവിറ്റ് സമർപ്പിക്കാൻ നാല് ആഴ്ച സമയം ആവശ്യപ്പെട്ടത്.
കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ സത്യവാങ്ങ്മൂലത്തിന് മറ്റ് കക്ഷികളുടെ അഭിപ്രായം അറിയിക്കാൻ വേണ്ടിയാണ് അവസാനമായി ആറ് ആഴ്ച സമയം അനുവദിച്ചത്. അതിന്റെ കേസ് പരിഗണിക്കാനിരിക്കെ കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയം മാനന്തവാടി മൈസൂർ റോഡ് ദേശീയപാതയുടെ നിലവാരത്തിലേക്ക് ഉയർത്തി 766 -ന് ബദലായി ഉപയോഗിക്കാമെന്നും, ഈ പ്രവർത്തനങ്ങൾ കേരളവും കർണാടകയും നിർവ്വഹിക്കണമെന്നും അഫിഡവിറ്റ് നൽകിയത്. എന്നാൽ കേസ് കോടതിയുടെ പരിഗണനയ്ക്ക് വന്നപ്പോൾ കേന്ദ്രം നൽകിയ അഫിഡവിറ്റിന് വിശദമായ സത്യവാങ്ങ്മൂലം സമർപ്പിക്കാൻ കേരളം ആറ് അഴ്ച സമയം ആവശ്യപ്പെടുകയായിരുന്നു. ഈ സമയപരിധിയാണ് കഴിഞ്ഞ ദിവസം അവസാനിച്ചത്.
കേരളം സുപ്രീം കോടതിയിൽ നൽകുന്ന അഫിഡവിറ്റിൽ ദേശീയപാത യാത്രാ സംരക്ഷണ ആക്ഷൻ കമ്മറ്റിയുടെയും വയനാട്ടിലെ ജനപ്രതിനിധികളുടെയും അഭിപ്രായങ്ങൾകൂടി പരിഗണിച്ചുകൊണ്ടുള്ള അഫിഡവിറ്റായിരിക്കും നൽകുകയെന്ന് മന്ത്രിമാർ ഉറപ്പ് നൽകുകയും ഇതിനായി തിരുവനന്തപുരത്ത് ഗതാഗത വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേരുകയും ചെയ്തിരുന്നു. എന്നാൽ ഈ യോഗത്തിന്റെ രണ്ട് ദിവസം മുമ്പ് തന്നെ ഉദ്യോഗസ്ഥർ സുപ്രീം കോടതിയിൽ അഫിഡവിറ്റ് നൽകുകയായിരുന്നു. ഇതിൽ കുട്ട-ഗോണികുപ്പ റോഡ് ബദൽ പാതയായി ഉയർത്തികാണിച്ചത് വിവാദത്തിന് ഇടയാക്കി. ഇതിന് പകരം സത്യവാങ്ങ്മൂലം നൽകാനാണ് ഇപ്പോൾ നാല് ആഴ്ച സമയം ചോദിച്ചത്.
ഇന്നലെ കേരളത്തിന് വേണ്ടി അഭിഭാഷകരായ ജയ്ദീപ്ഗുപ്ത, ജി.പ്രകാശ്, നീലഗിരി വയനാട് എൻ.എച്ച്.ആന്റ് റെയിൽവേ ആക്ഷൻ കമ്മറ്റിക്കായി ടി.എസ്.സുധീർ എന്നിവർ കോടതിയിൽ ഹാജരായി.