മാനന്തവാടി: നാളെ റവന്യു വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്യുന്ന മാനന്തവാടി വില്ലേജ് ഓഫീസിന്റെ ചുറ്റുമതിലിൽ സംഘടനയുടെ പ്രചരണാർത്ഥം എഴുതിയ പരസ്യം മായ്ച്ചു. മെയ് 8 മുതൽ 10 വരെ മീനങ്ങാടിയിൽ നടക്കുന്ന കേരള ഗസറ്റഡ് ഓഫീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിന്റെ വിളംബരാർത്ഥമാണ് ചുറ്റുമതിലിൽ എഴുതിയത്. ഉദ്ഘാടനം പോലും നടക്കാത്ത പുതുതായി നിർമ്മിച്ച വില്ലേജ് ഓഫീസിന്റെ ചുറ്റുമതിലിലാണ് സംഘടന ചുമരെഴുത്ത് നടത്തിയത്.
ഇക്കാര്യം കഴിഞ്ഞ ദിവസം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു, ഇത് ശ്രദ്ധയിൽപ്പെട്ട റവന്യു അധികൃതർ കർശന നിർദ്ദേശം നൽകിയതിനെ തുടർന്ന് ചുവരെഴുത്ത് മായ്ക്കുകയായിരുന്നു.