വാളാട്: സ്ഥലം അളക്കാനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ ആദിവാസികൾ തടഞ്ഞു. എടത്തനയിലെ കുറിച്യരുടെ കൈവശത്തിലുള്ള സ്ഥലം അളക്കാനെത്തിയപ്പോഴാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ് മടക്കിഅയച്ചത്.

തിങ്കളാഴ്ച രാവിലെയാണ് സംഭവം. നൂറ്റാണ്ടിലേറെയായി കൈവശം വെച്ചിരുന്ന സ്ഥലം വനംവകുപ്പ് ഏറ്റെടുക്കാനുള്ള ശ്രമമാണെന്നാരോപിച്ചാണ് ആദിവാസികൾ തടഞ്ഞത്. എടത്തന ഉക്കിടിക്കുന്നിലെ സ്ഥലത്ത് തലമുറകളായി നിരവധി കുടുംബങ്ങൾ താമസിച്ചു വരുന്നുണ്ട്. 1886 മുതൽ വാളാട് വില്ലേജിൽ ഉൾപ്പെട്ട ഈ സ്ഥലം തങ്ങളുടെ കൈവശത്തിലാണെന്ന് ഇവർ പറയുന്നു. ഈ സ്ഥലത്തിന് രേഖയുണ്ടെങ്കിലും വനംവകുപ്പിന്റെ എതിർപ്പ് കാരണം നികുതി സ്വീകരിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ തടസപ്പെടുകയാണെന്ന് ഇവർ കുറ്റപ്പെടുത്തുന്നു.

ഈ സ്ഥലം വനം വകുപ്പ് പിടിച്ചെടുക്കാനുള്ള ശ്രമം ചെറുക്കുമെന്ന് ഇവർ പറഞ്ഞു. എന്നാൽ വനഭൂമി എടത്തനയിലെ ഉക്കിടിക്കുന്നിലുണ്ടെന്നും അത് തിട്ടപ്പെടുത്തി അവർക്ക് തന്നെ നൽകാനാണ് സ്ഥലം അളക്കുന്നതെന്നുമാണ് അധികൃതർ പറയുന്നത്. ആദിവാസികളുടെ കൈവശത്തിലുള്ള സ്ഥലം പൂർണ്ണമായും അവർക്ക് തന്നെ നൽകും. ഒരു വർഷം മുമ്പ് വനം, റവന്യു ഉദ്യോഗസ്ഥർ പ്രദേശവാസികളുമായി എടത്തനയിൽ വെച്ച് ചർച്ച ചെയ്ത് ധാരണയാക്കിയതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം അളക്കാനെത്തിയതെന്നാണ് അധികൃതരുടെ വിശദീകരണം. സ്ഥലത്തിന്റെ അളക്കൽ പൂർത്തിയാക്കി കൃത്യമായി അതിർത്തി തിരിച്ചാൽ പിന്നീട് താമസക്കാർക്ക് രേഖകൾ ലഭിക്കുന്നതിന് ഇത് ഗുണകരമാകുമെന്നും ഇവർ പറയുന്നു. റവന്യുവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ തിങ്കളാഴ്ച സ്ഥലം അളക്കാനെത്തിയത്.