കുറ്റ്യാടി: മുമ്പ് പ്ളാസ്റ്റിക് വരും മുമ്പ് നാട്ടിൻ പുറങ്ങളിൽ ഇറച്ചിയും മീനുമെല്ലാം പൊതിഞ്ഞു നൽകിയിരുന്നത് ഇലകളിലാണ്. ഇപ്പോൾ പ്ളാസ്റ്റിക് നിരോധനത്തോടെ പഴയ കാലം തിരിച്ചെത്തിയിരിക്കുകയാണ് കുറ്റ്യാടി മാർക്കറ്റിൽ. ഇലകളിലാണ് സാധനങ്ങൾ പൊതിഞ്ഞു നൽകുന്നത്.
ഉപ്പൂത്തിയുടെ വട്ടത്തിലുള്ള വലിയ ഇലയായ ഉപ്പില, തേക്കിന്റെ ഉണങ്ങിയ ഇല, വാഴയുടെ ഉണങ്ങിയ ഇലയായ മുളിയില തുടങ്ങിയവയാണ് മുമ്പ് ഉപയോഗിച്ചിരുന്നത്. അവയ്ക്കു പുറമെ ഇപ്പോൾ പച്ചിലകളിലും പൊതിഞ്ഞു നൽകുന്നുണ്ട്. ഉണങ്ങിയ ഇലകൾ വെള്ളത്തിലിട്ടു കുതിർത്തി പതം വരുത്തിയാണ് ഉപയോഗിച്ചിരുന്നത്.
ഒരു പ്രാവശ്യം ഉപയോഗിച്ച ശേഷം പാഴ് വസ്തുക്കളാവുന്ന പ്ലാസ്റ്റിക്ക് വസ്തുക്കളുടെ നിർമാണവും വിതരണവും സംസ്ഥാന സർക്കാർ നിരോധിച്ചതിനെ തുടർന്നാണ് കുറ്റ്യാടി മൽസ്യ, മാംസ മാർക്കറ്റിൽ പച്ചിലകളിൽ മാംസവും മറ്റും പൊതിഞ്ഞു നൽകാൻ തുടങ്ങിയത്. .മാർക്കറ്റിനുള്ളിലെ തുർക്കി മീറ്റ് സ്റ്റാളിന്റെ ഉടമയായ തുർക്കി മജീദ് പഴമയുടെ പിന്നാമ്പുറത്ത് വലിച്ചെറിഞ്ഞ ഉപ്പിലയിലും (വട്ടയില) തേക്കിന്റെ ഇലയിലുമാണ് മാംസം പൊതിഞ്ഞു ഉപഭോക്താക്കൾക്ക് നൽകുന്നത്.
കടയിലെത്തുന്നവർക്കും ഇത് ആശ്വാസമായി മാറുകയാണ്.ദിവസേന നാലും അഞ്ചും പ്ലാസ്റ്റിക്ക് ബാഗുകളാണ് വീടുകളിൽ എത്തുന്നത്. ഇത്രയും പ്ലാസ്റ്റിക്ക് പാഴ് വസ്തുക്കൾ എന്ത് ചെയ്യണമെന്നറിയാതെ പലരും വീട്ടുവളപ്പിൽ വലിച്ചെറിയുകയോ തീ കത്തിക്കുകയോ ചെയ്യുന്നു പരിണിത ഫലം പരിസര മലീനീകരണവും ആരോഗ്യ പ്രശ്‌നങ്ങളും.ഇന്നും നമ്മുടെ പറമ്പുകളിൽ സുലഭമായി ലഭിക്കുന്ന ഉപ്പിലയും, തേക്കിലയും, തെങ്ങോലകൊട്ടകളും നമ്മുടെ മത്സ്യ, മാംസ മാർക്കറ്റുകളിൽ തിരിച്ചു വരേണ്ടിയിരിക്കുന്നു.പ്രകൃതിക്ക് ജീവൻ നൽകി നമ്മുടെ ആയുരാരോഗ്യം നിലനിറുത്താൻ ഇത്തരം പ്രവർത്തനങ്ങൾ മാതൃകയാക്കേണ്ടിയിരിക്കുന്നു.
പടം..കുറ്റ്യാടി മാർക്കറ്റിലെ തുർക്കി മജീദ് പച്ചിലയിൽ പൊതിഞ്ഞ മാസം ഉപഭോക്താവായ കോവില്ലത്ത് നൗഷാദിന് നൽകുന്നു.