കൽപ്പറ്റ: പൗരത്വ നിയമഭേഗദഗതിക്കെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി ലോംഗ് മാർച്ച് നടത്തി. മാനന്തവാടി, കൽപ്പറ്റ, സുൽത്താൻബത്തേരി നിയോജകമണ്ഡലങ്ങളിലെയും നേതാക്കളും പ്രവർത്തകരും ലോംഗ്‌മാർച്ചിൽ അണിനിരന്നു. കെ പി സി സി അംഗം പി പി ആലി ക്യാപ്റ്റനും, മാണിഫ്രാൻസിസ് വൈസ് ക്യാപ്റ്റനും, ടി ജെ ഐസക് കോർഡിനേറ്ററുമായ കൽപ്പറ്റ നിയോജകമണ്ഡലം മാർച്ച് ചുണ്ടേലിൽ യു ഡി എഫ് ജില്ലാകൺവീനറും കെ പി സി സി അംഗവുമായ എൻ ഡി അപ്പച്ചൻ ഫ്ളാഗ് ഓഫ് ചെയ്തു. ജോസഫ് പെരുവേലി ക്യാപ്റ്റനും, വർഗീസ് ചുള്ളിയോട് വൈസ് ക്യാപ്റ്റനും, എൻ.സി കൃഷ്ണകുമാർ കോഓർഡിനേറ്ററുമായ ബത്തേരി നിയോജക മണ്ഡലത്തിലെ മാർച്ച് കെ.പി.സി.സി അംഗം പി.വി ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം .ജി ബിജു ക്യാപ്റ്റനും, കെ.ജെ പൈലി വൈസ് ക്യാപ്റ്റനും, അഡ്വ.എം. വേണുഗോപാൽ കോഓർഡിനേറ്ററുമായ മാനന്തവാടി മണ്ഡവം മാർച്ച് കമ്പളക്കാട് കെ.പി. സി.സി അംഗം കെ.എൽ പൗലോസ് ഉദ്ഘാടനം ചെയ്തു.
മാർച്ചുകൾ കൈനാട്ടിയിൽ സംഗമിച്ച് ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ കൽപ്പറ്റ നഗരത്തിലേക്കെത്തി ചേർത്തു. ലോംഗ് മാർച്ചിന് ശേഷം നടന്ന പൊതുസമ്മേളനം ഐ സി ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ കർണാടക പ്രദേശ് കോൺഗ്രസ് പ്രസിഡന്റ് ദിനേശ് ഗുണ്ടുറാവു ഉദ്ഘാടനം ചെയ്തു. എൻ ഡി അപ്പച്ചൻ, കെ സി റോസക്കുട്ടി, പി കെ ജയലക്ഷ്മി, എൽ പൗലോസ്, കെ കെ അബ്രഹാം, വി എസ് ജോയി, എൻ എം വിജയൻ, പി പി ആലി, കെ വി പോക്കർഹാജി, അഡ്വ. എൻ കെ വർഗീസ്, ഡി പി രാജശേഖരൻ, എം എ ജോസഫ്, എം ജി ബിജു, മാണിഫ്രാൻസിസ്, ആർ പി ശിവദാസ് തുടങ്ങിയവർ സംബന്ധിച്ചു.
രാജ്യത്തെ രക്ഷിക്കാൻ ബി ജെ പി സർക്കാരിനെ താഴെയിറക്കണം: ദിനേശ് ഗുണ്ടുറാവു
കൽപ്പറ്റ: രാജ്യത്തെ രക്ഷിക്കാൻ ബി ജെ പി സർക്കാരിനെ താഴെയിറക്കേണ്ടത് അനിവാര്യമാണെന്നും, ഇനിയുള്ള നാലുവർഷം പോരാട്ടത്തിന്റേത് മാത്രമാണെന്നും കർണാടക പ്രദേശ് കോൺഗ്രസ് പ്രസിഡന്റ് ദിനേഷ് ഗുണ്ടുറാവു. ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ലോംഗ് മാർച്ചിനോട് അനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി ജെ പിക്കും മോദിക്കുമെതിരെ സംസാരിക്കുമ്പോൾ അത് ദേശീയതക്കെതിരാണെന്നാണ് പറയുന്നത്. മതത്തിന്റെ പേരിൽ വിഭജിക്കുന്ന പൗരത്വനിയമഭേഗഗതി പിൻവലിച്ചെ മതിയാവൂ. ജീവിക്കാനുള്ള ഒരു പൗരന്റെ അവകാശത്തിന് നേരെയുള്ള നിഷേധമാണിത്. കേസ് സുപ്രീംകോടതി പരിഗണിക്കുമ്പോൾ ഈ നിയമം റദ്ദ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റ് ഒരു നിയമം പാസാക്കിയാൽ അത് അംഗീകരിക്കാനുള്ള ബാധ്യത ഓരോ പൗരന്മുണ്ട്. എന്നാൽ ആ നിയമം രാജ്യത്തിന്റെ ഭരണഘടനക്കെതിരാണെങ്കിൽ അതംഗീകരിക്കാൻ ഒരാൾക്കും സാധിക്കില്ല. പെട്ടന്നൊരു ദിവസം നോട്ട് നിരോധിച്ചാൽ സ്വയം അദ്ധ്വാനിച്ചുണ്ടാക്കിയ പണത്തിനായി മോദി സർക്കാർ ജനങ്ങളെ ക്യൂവിൽ നിർത്തി. ഇന്ന് പൗരന്മാരാണെന്ന് തെളിയിക്കാൻ രാജ്യത്തെ ജനങ്ങൾ ക്യൂ നിൽക്കേണ്ട അവസ്ഥയാണുള്ളത്.