aa
ആഷിഖ് സോളമൻ

കോഴിക്കോട്: ഭിന്നശേഷിക്കാരിയായ യുവതിയെ മാനഭംഗപ്പെടുത്തിയ കേസ്സിലെ പ്രതി പയ്യോളി അയനിക്കാട് സ്വദേശി ആഷിഖ് സോളമനെ ( 26) പൊലീസ് പിടികൂടി. ഓൺലൈൻ ഫുഡ് ഡെലിവറി സ്ഥാപനത്തിലെ ജീവനക്കാരനാണ് പ്രതി.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. എട്ടര കഴിഞ്ഞ് മെഡിക്കൽ കോളേജ് ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന യുവതിയെ വീട്ടിലാക്കിത്തരാമെന്ന് പറഞ്ഞു പ്രലോഭിപ്പിച്ച് സ്‌കൂട്ടറിൽ കയറ്റുകയായിരുന്നു. തൊണ്ടയാട് ആളൊഴിഞ്ഞ ബിൽഡിംഗിന് താഴെ കൊണ്ടുപോയാണ് മാനഭംഗപ്പെടുത്തിയത്. യുവതിയെ അവിടെ ഉപേക്ഷിച്ച ശേഷം കടന്നുകളയുകയായിരുന്നു പ്രതി. റോഡരികിൽ ഒറ്റപ്പെട്ട് നിൽക്കുന്നത് കണ്ട് യാത്രക്കാർ വിവരമറിയിച്ചതോടെ പൊലീസ് എത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസ്സെടുക്കുകയായിരുന്നു.
സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെയാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. ഇയാൾ നേരത്തെ വടകരയിൽ കഞ്ചാവ് കേസിൽ ജയിലിൽ കിടന്ന് ജാമ്യത്തിലിറങ്ങിയതായിരുന്നു. സൈബർസെല്ലിന്റെ സഹായത്തോടെയാണ് മെഡിക്കൽ കോളേജ് സി.ഐ മൂസ വള്ളിക്കാടനും നോർത്ത് അസിസ്റ്റൻറ് കമ്മിഷണറുടെ സ്‌പെഷൽ സ്‌ക്വാഡും പ്രതിയെ പിടികൂടിയത്.

അന്വേഷണ സംഘത്തിൽ പ്രൊബേഷൻ എസ്‌.ഐ പ്രശോഭ്, ഒ.മോഹൻദാസ്, എം.ഷാലു, ഹാദിൽ കുന്നുമ്മൽ, രാജേന്ദ്രൻ, മനോജ്, വിനോദ്, സുബിന എന്നിവരുൾപ്പെടും.